submarine

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി അത്യാധുനിക മുങ്ങിക്കപ്പലുകൾ നിർമിക്കുന്നതിന് നൂതന പദ്ധതിയുമായി കേന്ദ്രം. മേക്ക് ഇൻ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി, പ്രതിരോധ നിർമാണ മേഖലയിലുള്ള ഇന്ത്യയിലെ സ്വകാര്യ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് ഉത്പാദനം നടത്തുന്നതിനുള്ള പദ്ധതിയ്ക്കാണ് രൂപംനൽകുന്നത്. തുടക്കത്തിൽ ആറ് ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾ നിർമ്മിക്കുകയാണ് ലക്ഷ്യം. പ്രൊജക്ട് 75-1 എന്ന പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകൾ നിർമിക്കുന്നതിന് 45,000 കോടി രൂപയുടെ പദ്ധതിയാണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.

മോദി സർക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെയുള്ള രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത്. നേരത്തെ നാവികസേനയ്ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്ടറുകൾ നിർമിക്കുന്നതിനുള്ള പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമാക്കാൻ താത്പര്യപെടുന്ന ഇന്ത്യൻ കമ്പനികൾ രണ്ട് മാസത്തിനകം പ്രതികരണം അറിയിക്കണം. സാങ്കേതിത വിദ്യ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യവും കപ്പൽ നിർമാണത്തിലെ പ്രവൃത്തിപരിചയവും സാമ്പത്തിക ശേഷിയും അനുസരിച്ചാകും കമ്പനികളെ പട്ടികപ്പെടുത്തുക. ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്ക്കായിരിക്കും കരാർ നൽകുക. ഇന്ത്യൻ കമ്പനി ഒരു വിദേശ കമ്പനിയുമായി ചേർന്നായിരിക്കും ഇന്ത്യയിൽ വച്ച് അന്തർവാഹിനികളുടെ നിർമാണം നടത്തുക.

''ഇന്ത്യയുടെ രൂപകല്പനയും നിർമാണശേഷിയും കൂടുതൽ മികച്ചതാക്കാൻ പദ്ധതി സഹായകമാകുന്നതോടൊപ്പം രാജ്യത്തെ അന്തർവാഹിനി നിർമാണത്തിന്റെയും രൂപകല്പനയുടെയും ആഗോളകേന്ദ്രമാക്കും." കേന്ദ്ര പ്രതിരോധ മന്ത്രാലയം