 ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരവർഷം

 വിഷയം വിശദീകരിക്കാനെത്തിയ ഉദ്യോഗസ്ഥരെ ഇറക്കിവിട്ടു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നഗരസഭകളിൽ നടക്കുന്ന അദാലത്തുകളിൽ മന്ത്രി നേരിട്ട് പങ്കെടുക്കും. കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അനാവശ്യ കാലതാമസം വരുന്നില്ലെന്ന് ഉറപ്പാക്കാനാണ്, കണ്ണൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായ പശ്ചാത്തലത്തിൽ പുതിയ നടപടി.

പ്രവാസി സംരംഭങ്ങൾക്ക് ഉൾപ്പെടെ മികച്ച പരിഗണന നൽകുകയാണ് സർക്കാർ നയമെന്നും അനാവശ്യ കാലതാമസം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂർ ആന്തൂർ സംഭവത്തിൽ നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ച വിവരം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ശകാരവർഷം ചൊരിഞ്ഞ മന്ത്രി നഗരസഭാദ്ധ്യക്ഷയെ ന്യായീകരിക്കുകയും ചെയ്തു.

കെട്ടിടങ്ങൾക്ക് പ്രവർത്തനാനുമതി നൽകേണ്ടത് സെക്രട്ടറി തലത്തിൽ ഉദ്യോഗസ്ഥരുടെ ചുമതലയാണ്. സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. സാജന്റെ വീട്ടുകാരുടെ പരാതി അന്വേഷിക്കേണ്ടത് പൊലീസാണ്. ചെയർപേഴ്സണ് സാജനോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടാകേണ്ട കാര്യമില്ല. അവരെ വ‌ർഷങ്ങളായി തനിക്ക് അറിയാമെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ, സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാനെത്തിയ ഉദ്യോഗസ്ഥരോട് അതീവ രോഷത്തോടെയാണ് മന്ത്രി എ.സി. മൊയ്തീൻ പ്രതികരിച്ചത്. ആന്തൂർ നഗരസഭാ സെക്രട്ടറി, ഓവർസിയർ, മുൻസിപ്പൽ എൻജിനിയർ എന്നിവരെ മന്ത്രി വിളിച്ചുവരുത്തി ശകാരിക്കുകയായിരുന്നു. 'ആരു ചത്താലും ശമ്പളം കിട്ടുമെന്ന തോന്നൽ വേണ്ടെ'ന്നു പറഞ്ഞ മന്ത്രി ഉദ്യോഗസ്ഥരെ മുറിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയായ ആന്തൂർ നഗരസഭാദ്ധ്യക്ഷ പി.കെ. ശ്യാമളയ്ക്ക് സാജനോടുള്ള വ്യക്തിവിരോധമാണ് സാജന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. താൻ ഈ കസേരയിലിരിക്കുമ്പോൾ സാജന്റെ കൺവെൻഷൻ സെന്ററിന് ലൈസൻസ് കിട്ടില്ലെന്ന് അവർ പറഞ്ഞതായി സാജന്റെ ഭാര്യ ബീന മാദ്ധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മുൻ സെക്രട്ടറി പി.ജയരാജൻ, മുൻ എം.പി. പി.കെ.ശ്രമീതി എന്നിവർ ഇന്നലെ സാജന്റെ വീട്ടിലത്തി.

എം.വി. ജയരാജന്

വിമർശനം

പ്രവാസി വ്യവസായിയുടെ ആത്മഹത്യാ സംഭത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ആദ്യം മാദ്ധ്യമങ്ങളെ അറിയിച്ചതിൽ മന്ത്രി എ.സി. മൊയ്തീന്റെ പരോക്ഷ വിമർശനം. സർക്കാർ കാര്യം പറയാൻ പാർട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സർക്കാർ നടപടികൾ വിശദീകരിക്കാൻ പാർട്ടിക്കാരെ ചുമതലപ്പെടുത്തുന്ന ശൈലി ഞങ്ങൾക്കില്ല. സസ്‌പെൻഷൻ സംബന്ധിച്ച വിവരങ്ങൾ ജയരാജന് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മണിക്കൂറുകൾക്കു മുമ്പ് എം.വി. ജയരാജൻ പറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തെന്നാണ്.