ലണ്ടൻ : ആസ്ട്രേലിയൻ ടീമിന്റെ നെറ്റ് പ്രാക്ടീസിനിടെ തന്റെ ബാറ്റിൽ നിന്ന് പാഞ്ഞ പന്തുകൊണ്ട് തലയ്ക്ക് പരിക്കേറ്റ ഇന്ത്യൻ വംശജനായ ബൗളർ ജയ്കിഷൻ പ്ളാഹയെ ആശ്വസിപ്പിക്കാൻ ഡേവിഡ് വാർണർ എത്തിയത് കൈനിറയെ സമ്മാനങ്ങളുമായി. ആസ്ട്രേലിയൻ ടീമിന്റെ ജഴ്സിയും തൊപ്പിയും ജയ്കിഷന്റെ കുടുംബാംഗങ്ങൾക്ക് ലോകകപ്പ് കാണാനുള്ള ടിക്കറ്റുകളും കൊണ്ടാണ് വാർണർ വന്നത്.
ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുമ്പാണ് ജയ്കിഷന് അപകടമുണ്ടായത്. നെറ്റ് ബൗളിംഗിനായി എത്തിയതായിരുന്നു ജയ്കിഷൻ. പന്തുകൊണ്ട് വീണ ജയ്കിഷൻ നാലുദിവസം ആശുപത്രിയിലായിരുന്നു. ആസ്ട്രേലിയൻ താരങ്ങളെല്ലാം ആശുപത്രിയിൽ തന്നെ കാണാനെത്തിയെന്നും ജയകിഷൻ പറഞ്ഞു. തനിക്ക് അപകടമൊന്നുമില്ലെന്നറിഞ്ഞതിൽ വാർണർക്ക് അതിയായ സന്തോഷമായിരുന്നു. തന്നെ കെട്ടിപ്പിടിച്ച് വാർണർ സോറി പറഞ്ഞപ്പോൾ ലോകകപ്പ് ടീമിൽ കളിക്കാൻ അവസരം കിട്ടിയപോലെ തോന്നി. ജയകിഷൻ പറയുന്നു.
2014ൽ ആഭ്യന്തര മത്സരത്തിനിടെ തലയ്ക്ക് പന്തുകൊണ്ട് ഫിൽഹ്യൂസ് മരിച്ചതിന്റെ ഓർമ്മകളാണ് ജയ്കിഷന്റെ അപകടം തന്നിലുണർത്തിയതെന്ന് വാർണർ പറഞ്ഞിരുന്നു.
ഹഷ്മത്തുള്ളയ്ക്ക് വിമർശനം
സതാംപ്ടൺ : ഇംഗ്ളണ്ടിനെതിരായ മത്സരത്തിൽ ഹെൽമറ്റിൽ ബൗൺസർകൊണ്ട് വീണിട്ടും ബാറ്റിംഗ് തുടർന്ന അഫ്ഗാനിസ്ഥാൻ ബാറ്റ്സ്മാൻ ഹഷ്മത്തുള്ള ഷാഹിദിക്കെതിരെ കടുത്ത വിമർശനം. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് ടീം ഡോക്ടർ ഷാഹിദിയോട് കളിനിറുത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതും വകവയ്ക്കാതെ ബാറ്റിംഗ് തുടർന്ന് ടോപ് സ്കോററായി. പരിക്കേറ്റ് മടങ്ങുന്നത് തന്റെ അമ്മയെ സങ്കടപ്പെടുത്തുമെന്നതിനാലാണ് ബാറ്റിംഗ് തുടർന്നതെന്ന് ഷാഹിദ് പിന്നീട് പറഞ്ഞിരുന്നു.