vk-sreekandan-mp

ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് കോൺഗ്രസിന്റെ വി.കെ.ശ്രീകണ്ഠൻ നേടിയ വിജയം കേരളത്തെ തന്നെ ഞെട്ടിച്ച ഒന്നായിരുന്നു. സിറ്റിംഗ് എം.പി എം.ബി രാജേഷിനെതിരെ 11, 637 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ശ്രീകണ്ഠന്റെ അട്ടിമറി വിജയം. തിരഞ്ഞെടുപ്പിന് ഏറെക്കാലത്തിന് മുൻപെടുത്ത ഒരു പ്രതിജ്ഞ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീകണ്ഠൻ ഇപ്പോൾ.

''സി.പി.എമ്മിനെ തോൽപ്പിച്ചാൽ മാത്രമെ താടിയെടുക്കൂ'' എന്നായിരുന്നു ശ്രീകണ്ഠൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രഖ്യാപനം. ആ വാക്ക് പാലിക്കുമെന്നും ഒറ്റത്തവണ താടിയെടുക്കുമെന്നും ശ്രീകണ്ഠൻ ഒരു ചാനൽ പരിപാടിക്കിടെ പറഞ്ഞു. നാട്ടിൽച്ചെന്നാൽ ആദ്യം ചെയ്യുക താടിയെടുക്കുകയായിരിക്കുമെന്ന് ശ്രീകണ്ഠൻ പറയുന്നു.

ഷൊർണൂർ എസ്.എൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ശ്രീകണ്ഠൻ ആക്രമിക്കപ്പെട്ടത്. മൃഗീയമായ അടിച്ചൊതുക്കലുകൾ നടന്നിരുന്ന കാലത്താണ് ഞാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. സ്കൂളിൽ പഠിക്കുന്ന കാലം മുതലെ എന്നെ വട്ടമിട്ട് ആക്രമിച്ചിരുന്നു. ഒടുവിലെ ആക്രമണത്തിൽ എന്റെ കാല് വെട്ടി, എന്റെ മുഖത്ത് സോഡാകുപ്പി കൊണ്ട് അടിച്ച് ചില്ല് കുത്തിക്കയറ്റി. അന്ന് മുഖത്ത് വലിയ മുറിവ് വന്നു. ആളുകളോട് മറുപടി പറയുന്നത് ഒഴിവാക്കാൻ താടി വളർത്തി. ആ താടി പിന്നീട് എനിക്കൊരു അനുഗ്രഹമായി. ചിലർ സ്റ്റൈലാണെന്ന് പറഞ്ഞു. പിന്നീട് ഈ മുറിവെല്ലാം മാറാനും ഇതുപകരിച്ചു. താടി വളർത്തുന്നതിൽ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ പറഞ്ഞത്, ഒരിക്കൽ ഞാൻ താടിയെടുക്കും, സി.പി.എം പരാജയപ്പെടുമ്പോഴായിരിക്കും അതെന്ന്. ഏതായാലും സത്യപ്രതിജ്ഞ കഴിയുമ്പോൾ ഒരിക്കൽ താടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാട്ടിൽ പോയാൽ ആദ്യം ചെയ്യുന്നത് അതാകും''- ശ്രീകണ്ഠൻ പറഞ്ഞു.