ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഫോണ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി.പാർലമെന്റിലെ ഇരുസഭകളുടെയും സംയുക്ത യോഗത്തിനിടെ രാഹുൽ ഗാന്ധി മൊബൈൽ ഉപയോഗിച്ചത് ചില വാക്കുകളുടെ അർത്ഥം തിരയാനാണെന്നാണ് ആനന്ദ് ശർമ്മ വ്യക്തമാക്കിയിരിക്കുന്നത്.
യോഗത്തിനിടെ രാഹുൽ ഗാന്ധി ഫോണിൽ നോക്കിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.രാഹുൽ ഫോണിൽ നോക്കുന്നത് ശ്രദ്ധയിൽപെട്ട സോണിയാഗാന്ധി രാഹുലിനെ തട്ടിവിളിക്കുകയും അത്തരത്തിൽ പെരുമാറരുതെന്ന സൂചന നൽകുകയും ചെയ്തുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ വിശദീകരണവുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിത്തുന്നത്. "അദ്ദേഹം ആവശ്യമായതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ചില ചോദ്യങ്ങളുണ്ടായിരുന്നു. ചില വാക്കുകൾ വ്യക്തമായി കേട്ടില്ല. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു ബഹുമാനക്കുറവും ഉണ്ടായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചാൽ സഭയിലെ ബി.ജെ.പി അംഗങ്ങളിൽ പകുതി പേരും പരസ്‌പരം സംസാരിക്കുന്നത് കാണാം'. ആനന്ദ് ശർമ്മ ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
രാഹുലിന്റെ അടുത്തിരുന്ന സോണിയ ഗാന്ധി പ്രംസംഗം മുഴുവൻ ശ്രദ്ധയോടെ കേൾക്കുകയും ബലാക്കോട്ട് വ്യോമാക്രമണത്തെ കുറിച്ചുള്ള പരാമർശത്തിൽ കെെ മേശയിടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനിടെ 20 മിനിറ്റോളം രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയോട് സംസാരിക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.