ബഹിരാകാശ നിലയത്തിന്റെ ഒന്നാംപാഠം
ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂൾ ആയ zarya വിക്ഷേപിച്ചത് 1998 നവംബർ 20ന്.
കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോ ഡ്രോമിൽ നിന്ന് പ്രോട്ടോൺ റോക്കറ്റ് ഉപയോഗിച്ചാണ് 420 കി.മീ ഉയരത്തിലുള്ള ഒാർബിറ്റിലേക്ക് മൊഡ്യൂൾ എത്തിച്ചത്.
ബഹിരാകാശ നിലയം
2030 ൽ ബഹിരാകാശ നിലയം വിക്ഷേപിക്കാനാണ് ഇന്ത്യയുടെ ശ്രമം. 20 ടൺ ഭാരമുള്ള ചെറിയ
മൊഡ്യൂൾ ആയിരിക്കും ഇത്. 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലായിരിക്കും നിലയം. ശാസ്ത്രജ്ഞർ നിലയത്തിൽ താമസിച്ച് പരീക്ഷണങ്ങൾ നടത്തും. 15 മുതൽ 20 ദിവസംവരെ തങ്ങാനുള്ള സൗകര്യമുണ്ടാകും. മറ്റു രാജ്യങ്ങളുടെ സഹായമില്ലാതെയുള്ള ഇൗ നിലയം ഇന്ത്യയുടെ സ്വന്തമായിരിക്കും.
ഗാലക്സികളുടെ കൂട്ടം
നക്ഷത്രങ്ങളും നക്ഷത്രാവശിഷ്ടങ്ങളും നക്ഷത്രാന്തര മാദ്ധ്യമവും തമോദ്രവ്യവും ചേർന്നുന്നുള്ള പിണ്ഡമേറിയതും ഗുരുത്വാകർഷണ ബന്ധിതവുമായ വ്യൂഹമാണ് താരാപഥം അഥവാ ഗാലക്സി.
പാലുപോലെയുള്ളത് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഗാലക്സി എന്ന ഇംഗ്ളീഷ് വാക്കുണ്ടായത്. ഭാരതീയർ പുരാതനകാലം മുതലേ അതിനെ ആകാശഗംഗ (ക്ഷീരപഥം) എന്ന് വിളിച്ചു.
രാകേഷ് ശർമ്മ
ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് രാകേഷ് ശർമ്മ. 1984 ഏപ്രിൽ രണ്ടിന് റഷ്യൻ നിർമ്മിത സോയൂസ് ടി 11 വാഹനത്തിലാണ് ബഹിരാകാശത്തെത്തിയത്. ലോകത്തിലെ 138-ാം ബഹിരാകാശ സഞ്ചാരി. ബഹിരാകാശത്തെ സല്യൂട്ട്-7 നിലയത്തിൽ എട്ടുദിവസം ചെലവഴിച്ചു.
വാലന്റിന തെരഷ്ക്കോവ
ബഹിരാകാശത്ത് ആദ്യമെത്തിയ സ്ത്രീയാണ് സോവിയറ്റ് യാത്രികയായ വാലന്റിന തെരഷ്ക്കോവ. 1963 ജൂൺ 16ന് വോസ്തോക് 6 വാഹനത്തിൽ ബഹിരാകാശത്തെത്തി.
കല്പന ചൗള
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് കല്പന ചൗള. 2003 ഫെബ്രുവരി ഒന്നിന് നാസയുടെ ബഹിരാകാശ വാഹനം തകർന്ന് മരിച്ച ഏഴ് ബഹിരാകാശ സഞ്ചാരികളിൽ ഒരാൾ. 1997 നവംബർ 19ന് ആദ്യ ബഹിരാകാശയാത്ര നടത്തി. രണ്ടാമത്തെ യാത്ര ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
സുനിത വില്യംസ്
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് കഴിഞ്ഞ വനിതയാണ്. ഏറ്റവും കൂടുതൽ സമയവും ഏറ്റവും കൂടുതൽ തവണയും ബഹിരാകാശത്ത് നടന്ന വനിത. ബഹിരാകാശത്ത് മാരത്തോൺ നടത്തിയ ആദ്യ വ്യക്തി. യു.എസ് നാവികസേനയിൽ കമാൻഡറായ സുനിത ഇന്ത്യൻ വംശജയാണ്. 1998 ൽ നാസയുടെ ബഹിരാകാശ ഗ്രൂപ്പിൽ അംഗമായി.
2006 ഡിസംബർ 10ന് മിഷൻ സ്പെഷ്യലിസ്റ്റ് എന്നനിലയിൽ ഡിസ്കവറി വാഹനത്തിൽ അവർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയായി. 2007 ജൂൺ 22ന് അറ്റ്ലാന്റിസ് വാഹനത്തിൽ ഭൂമിയിൽ തിരിച്ചെത്തി. 195 ദിവസം ബഹിരാകാശനിലയത്തിൽ കഴിഞ്ഞു. അഞ്ചുതവണ ബഹിരാകാശത്ത് നടന്നു. 2007 ഏപ്രിൽ 16ന് നാലുമണിക്കൂർ 24 മിനിട്ട് ബഹിരാകാശത്ത് ഒാടി. 2012 ജൂലായിൽ വീണ്ടും ബഹിരാകാശത്ത് . 2012 നവംബർ വരെ അവിടെ തുടർന്നു.
ബഹിരാകാശ വിസ്മയം, വിജയങ്ങൾ
തലയ്ക്കുമീതേ ശൂന്യാകാശം എന്നത് ഒരുകാലത്ത് തമാശയായിരുന്നു. അന്വേഷണ കുതുകിയായ മനുഷ്യനും അവന്റെ തലച്ചോറും നിരന്തരം പ്രവർത്തിച്ചപ്പോൾ ബഹിരാകാശത്തെ വിസ്മയങ്ങൾ ഒാരോന്നായി തെളിഞ്ഞുതുടങ്ങി.
ഇപ്പോഴിതാ ബഹിരാകാശത്ത് ഇന്ത്യൻ വീടൊരുങ്ങുന്നു. വരും തലമുറകൾക്ക് സ്വന്തമാകാനിരിക്കുന്ന വിസ്മയങ്ങളെക്കുറിച്ചറിയാം.
സൂര്യനിലേക്ക്
ആദിത്യ-എൽ 1
ഭൂമിയിലെ കാലാവസ്ഥ നിർണയിക്കുന്ന സൂര്യന്റെ ലിബറേഷൻ പോയിന്റ് വൺ (ആദിത്യ-എൽ 1) എന്ന കോറോണയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം. അടുത്തവർഷം മദ്ധ്യത്തോടെ പദ്ധതി നടപ്പാക്കും. അഞ്ച് ലിബറേഷൻ പോയിന്റുകളാണ് സൂര്യനുള്ളത്.
ഭൂമി സൂര്യനെ ചുറ്റുന്ന അതേദിശയിൽ 150 കോടി കിലോമീറ്റർ അകലെ ഉപഗ്രഹമായി വിക്ഷേപിക്കും. ഉപഗ്രഹം എപ്പോഴും സൂര്യന് അഭിമുഖമായി നിൽക്കുന്നു
ഗഗൻയാൻ
മൂന്ന് സഞ്ചാരികളുമായി 2022 ൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തിൽ ഗഗൻയാൻ വിക്ഷേപിക്കും. തുടർന്ന് ഏഴുവർഷത്തിനകം ബഹിരാകാശ നിലയം യാഥാർത്ഥ്യമാകും.
അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കാണ് ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യയുള്ളത്. ഇൗ സ്ഥാനത്തേക്ക് ഇന്ത്യയും എത്തുകയാണ്.
ചന്ദ്രയാൻ -2
രണ്ടുവനിതകളുടെ കരുത്തിൽ
ജൂലായ് മാസത്തിൽ വിക്ഷേപിക്കുന്ന ചന്ദ്രയാൻ രണ്ടിന്റെ ചുമതല രണ്ട് വനിതാശാസ്ത്രജ്ഞർക്കാണ്. പ്രോജക്ട് ഡയറക്ടർ എം. വനിത. മിഷൻ ഡയറക്ടർ ഋതുകാരിദാൽ.
അന്താരാഷ്ട്ര ബഹിരാകാശനിലയം
ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽനിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള വസ്തുവാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം. രാജ്യാതിർത്തികൾക്കപ്പുറമുള്ള മനുഷ്യകൂട്ടായ്മയാണ് ഇത് സാദ്ധ്യമാക്കിയത്. ഭൂമിയിൽ നിന്ന് 400 കി.മീ ഉയരത്തിലാണ് ഇതിന്റെ പരിക്രമണപാത. മണിക്കൂറിൽ 17,500 മൈൽ വേഗത്തിലാണ് സഞ്ചാരം. ഒരു ഫുട്ബൾ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്.
സ്പുട്നിക് ആദ്യ ഉപഗ്രഹം
സ്പുട്നിക്കിൽ നിന്നാണ് ബഹിരാകാശ യുഗത്തിന്റെ തുടക്കം. 84 കി. ഗ്രാം ഭാരം. 1957 ഒക്ടോബർ നാലിന് ഭ്രമണപഥത്തിലെത്തിക്കാൻ സോവിയറ്റ് യൂണിയന് കഴിഞ്ഞു. കാര്യമായ ഗവേഷണ ഉപകരണങ്ങളൊന്നും ഇതിലുണ്ടായിരുന്നില്ല. ബഹിരാകാശത്തിലെത്തി ഭൂമിയെ ഭ്രമണം ചെയ്തു എന്നുമാത്രം.
മനുഷ്യൻ ചന്ദ്രനിൽ
ബഹിരാകാശയുഗത്തിലെ പുതിയൊരു നാഴികക്കല്ലായിരുന്നു മനുഷ്യൻ ചന്ദ്രനിലിറങ്ങിയത്. 1969 ജൂലായ് 21ന് അമേരിക്കയുടെ അപ്പോളോ 11 വാഹനത്തിൽ എത്തിയ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി. എഡ്വിൻ ആൽഡ്രിൻ ആയിരുന്നു സഹയാത്രികൻ. ചെറുവാഹനമായ ഇൗഗിൾ ആണ് ഇരുവരെയും അപ്പോളോയിൽ നിന്ന് ചന്ദ്രപ്രതലത്തിലെത്തിച്ചത്. ചന്ദ്രോപരിതലത്തിലെ പ്രശാന്തിയുടെ സമുദ്രം എന്ന പ്രദേശത്താണ് സഞ്ചാരികളിറങ്ങിയത്.
ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ
നാസ/NASA
ബഹിരാകാശ പര്യവേക്ഷണങ്ങൾക്കായുള്ള അമേരിക്കൻ സർക്കാർ സ്ഥാപനമാണ് നാസ. ആസ്ഥാനം വാഷിംഗ് ടൺ. 1958 ജൂലായ് 29ന് പ്രവർത്തനം ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണിത്.
യൂറോപ്യൻ സ്പേസ്
ഏജൻസി /(ESA)
ബഹിരാകാശ ഗവേഷണത്തിനായി പ്രവർത്തിക്കുന്ന 22 രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യൻ സ്പേസ് ഏജൻസി. 1975 ൽ പ്രവർത്തനം ആരംഭിച്ചു. ഫ്രാൻസിലെ പാരീസാണ് ആസ്ഥാനം.
ചൈന നാഷണൽ
സ്പേസ് അഡ്മിനി സ്ട്രേഷൻ /(CNSA)
1993 ലാണ് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ ആരംഭിച്ചത്. ആസ്ഥാനം ബീജിംഗ്.
ഐ.എസ്.ആ ർ.ഒ (ISRO)
ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. ആസ്ഥാനം: ബാംഗ്ളൂർ. 1972 മുതൽ ബഹിരാകാശ വകുപ്പിന് കീഴിൽ. തിരുവനന്തപുരത്തെ കേന്ദ്രമാണ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെന്റർ.