തിരുവനന്തപുരം: യോഗ ഒരു മതപരമായ ചടങ്ങല്ലെന്നും, യോഗയെ കുറച്ച് ചിലർ ബോധപൂർവം തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികൾക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി യോഗാഭ്യാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനച്ചടങ്ങിൽ 'സമ്പൂർണ്ണ യോഗ കേരളം' ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
യോഗയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇടപഴഞ്ഞി ആർ.ഡി.ആർ ആഡിറ്റോറിയത്തിൽ ബി.ജെ.പി നേതാവ് രാം മാധവ് യോഗാഭ്യാസം നയിച്ചു. ബി.ജെ.പി എം.എൽ.എ ഒ രാജഗോപാലാണ് പാലക്കാട് നടന്ന യോഗാഭ്യാസത്തിന് നേതൃത്വം നൽകിയത്. സംസ്ഥാനത്ത് പലയിടങ്ങളിലായി മന്ത്രിമാരും മറ്റ് പ്രമുഖരും യോഗാഭ്യാസത്തിൽ പങ്കെടുത്തു.
അതേസമയം റാഞ്ചിയിലെ യോഗാ അഭ്യാസത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നൽകിയത്. എല്ലാവർക്കും യോഗ ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും, യോഗ ഗ്രാമങ്ങളിലേക്കും മറ്റും വ്യാപിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. യോഗ ദരിദ്രരുടേയും ആദിവാസികളുടേയും ജീവിതത്തിന്റെ ഭാഗമാക്കാൻ താൻ ആഗ്രഹിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 30,000 പേരാണ് റാഞ്ചിയിലെ യോഗാഭ്യാസ ചടങ്ങിൽ പങ്കെടുത്തത്.രാജ്യത്തിന്റെ പല ഭാഗങ്ങളിലായി യോഗ ദിനത്തിൽ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.