കുണ്ടറ: കുണ്ടറയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ ലാബിൽ കയറി പെട്രോളൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മദ്ധ്യവയസ്‌കനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പുഴ സ്വദേശി ജയനാണ് പിടിയിലായത്. ബുധനാഴ്ച്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ലാബിലെത്തിയ ഇയാൾ പെൺകുട്ടിയെയും പെൺകുട്ടിയുടെ ബന്ധുവിനെയും പെട്രോളൊഴിച്ചു കത്തിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. ഒരു മാസം മുമ്പ് ഇയാൾ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ ഒരു ബന്ധു ജയനോട് ഇക്കാര്യം ചോദിക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. കുറച്ചുനാളത്തേക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു ദിവസം മുമ്പ് ഇയാൾ പെൺകുട്ടിയെ റോഡിൽ വച്ച് തെറി വിളിച്ചിരുന്നു. ഇത് പ്രദേശത്തെ ചുമട്ടു തൊഴിലാളികളിൽ ചിലർ ചോദ്യം ചെയ്തു. ഇതിനെ തുടർന്നാണ് ജയൻ പെൺകുട്ടിക്കെതിരെ ഭീഷണി മുഴക്കിയത്. ലാബിന്റെ ഉടമ കുണ്ടറ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ എസ്.ഐ ഗോപകുമാർ,എ.എസ്.ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കുണ്ടറയിലെ ബാറിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തത്.