കൊല്ലം: മയ്യനാട്ട് വളർത്താടുകൾ കൂട്ടത്തോടെ ചത്തതിന് കാരണം മൃഗങ്ങളിൽ കണ്ടുവരുന്ന 'പ്ലൂറോ ന്യൂമോണിയ' രോഗമെന്ന് പ്രാഥമിക നിഗമനം. മയ്യനാട് കുളത്തുവയൽ പുത്തൻ വീട്ടിൽ നിഷയുടെ എട്ട് ആടുകളാണ് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചത്തത്.
ആടുകളിൽ അസ്വസ്ഥത ശക്തമായ സമയത്ത് കണ്ണിൽ നിന്നും മൂക്കിൽ നിന്നും സ്രവം പുറത്തേക്ക് വന്നിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ച സ്രവത്തിന്റെ സാമ്പിളുകൾ വിശദമായ പരിശോധയ്ക്ക് പാലോട് വെറ്ററിനറി ബയോളജിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുമ്പോൾ മാത്രമേ രോഗകാരണം എന്താണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ.
രോഗ ലക്ഷണങ്ങളുടെയും ആടുകൾ പ്രകടിപ്പിച്ച അസ്വസ്ഥതകളുടെയും അടിസ്ഥാനത്തിലാണ് പ്ലൂറോ ന്യൂമോണിയ ആകാമെന്ന് പ്രാഥമിക വിലയിരുത്തൽ നടത്തിയത്. പക്ഷേ ആടുകളുടെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ പോയത് വീഴ്ചയായി.
തിങ്കളാഴ്ച രാത്രിയാണ് ആടുകളിലൊന്ന് അസ്വാഭാവികമായി കരഞ്ഞുതുടങ്ങിയത്. മൂക്കിൽ നിന്നും കണ്ണിൽ നിന്നും സ്രവങ്ങൾ വന്നതിനൊപ്പം ശരീരം നീര് വന്ന് വീർത്തു. പുലർച്ചെ രണ്ട് മണിയോടെ ആട് ചാവുകയും ചെയ്തു. തുടർന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഏഴ് ആടുകൾ കൂടി ചത്തത്. വരുമാന മാർഗമായ ആടുകൾ ചത്തതിലൂടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ നഷ്‌ടമാണ് നിഷയ്‌ക്കുണ്ടായത്. നിഷയുടെ വീട്ടിൽ ശേഷിക്കുന്ന എട്ട് ആടുകൾക്ക് മൃഗസംരക്ഷണ വകുപ്പ് കുത്തിവയ്പുകൾ നൽകുന്നുണ്ട്.
ആടുകളെ ബാധിക്കുന്ന പ്ളൂറോ ന്യൂമോണിയ
ആടുകളിൽ കണ്ടുവരുന്ന അതിവേഗം പടരാൻ ശേഷിയുള്ള രോഗമാണിത്. ശ്വാസകോശ വീക്കം, നെഞ്ചിൽ നീർക്കെട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ഏത് പ്രായത്തിലുള്ള ആടുകളെയും രോഗം ബാധിക്കാം. രോഗ ബാധയേറ്റ ആടുകൾക്ക് ചുമ, തുമ്മൽ, ശ്വാസതടസം, മൂക്കിൽ നിന്നും കണ്ണിൽ നിന്നും പഴുപ്പ് എന്നിവയുമുണ്ടാകും.