black-money

തൃശൂർ: സംസ്ഥാനത്ത് കള്ളനോട്ട് വിതരണം ചെയ്യുന്ന ആലപ്പുഴ വടുതല സ്വദേശികളും സഹോദരങ്ങളുമായ പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ബർണാഡ് (39), ജോൺസൺ ബർണാഡ് (31) എന്നിവർ അറസ്റ്റിലായി. ഇവരുടെ വീട്ടിൽ നിന്ന് വിദേശ നിർമ്മിത പ്രിന്ററും അനുബന്ധ ഉപകരണങ്ങളും 1,21,050 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. തൃശൂരിലെ വിവിധ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകൾ വ്യാപകമായതിനെ തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ നീക്കങ്ങളിലാണ് ഇരുവരും വലയിലായത്.

സഹോദരൻ ജോൺസൺ കള്ളനോട്ടുകൾ നിർമ്മിക്കും. ബെന്നിയാണ് വിതരണക്കാരൻ. ആഴ്ചയിലൊരിക്കൽ തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തി ആവശ്യക്കാർക്ക് ബെന്നി കള്ളനോട്ട് നൽകും. ബെന്നിയിൽ നിന്നും കള്ളനോട്ട് വാങ്ങിയ ഒരാൾ വലയിലായതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. ഇയാളെക്കൊണ്ട് വീണ്ടും കള്ളനോട്ട് ആവശ്യമുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് രണ്ടായിരം രൂപയുടെ ഒമ്പത് നോട്ടുകളുമായി ബെന്നിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെന്നിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ വടുതലയിലെ വീടുകളിൽ നടത്തിയ പരിശോധനയിലാണ് കൂടുതൽ കള്ളനോട്ടുകളും ഉപകരണങ്ങളും കണ്ടെത്തിയത്.


2005ൽ പാലക്കാട് ആലത്തൂരിൽ തിലകൻ എന്ന ലോട്ടറി കച്ചവടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബെന്നി. ജയിലിൽ നിന്നിറങ്ങിയ ശേഷം കൂലിപ്പണിക്ക് പോയെങ്കിലും ഒന്നരമാസം മുമ്പാണ് സഹോദരനുമായി ചേർന്ന് കള്ളനോട്ട് അടിക്കൽ ആരംഭിച്ചത്. ഒരു കേസിൽ പോലും പ്രതിയല്ലാത്ത ജോൺസൺ ഓട്ടോ ഡ്രൈവറാണ്. വീടിന് അടുത്ത സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത് ജോൺസണാണ്.

ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ ഇവർ വിതരണം ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഒരു ലക്ഷം രൂപ നൽകിയാൽ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ ഇവർ തിരിച്ചു നൽകും. സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി. സി.ഡി. ശ്രീനിവാസൻ, എ.സി.പി. വി. രാജു എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐമാരായ കെ. ഉമേഷ്, എം. മുരളീധരൻ, ക്രൈം ഇൻവെസ്റ്റിഗേഷൻ അംഗങ്ങളായ എസ്.ഐ ടി.ആർ. ഗ്‌ളാഡ്‌സൺ, എ.എസ്.ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, എം. രാജൻ, കെ. ഗോപാലകൃഷ്ണൻ, ടി.ഡി. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.വി. ജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.കെ. പഴനിസ്വാമി, കെ.ബി. വിപിൻദാസ്, വനിത സിവിൽ പൊലീസ് ഓഫീസർ നിജിത എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

യു ട്യൂബ് പഠിപ്പിച്ചു

കുട്ടികളെ സ്‌കൂളിൽ വിട്ട ശേഷമുള്ള വിശ്രമവേളയിൽ യു ട്യൂബിൽ നിന്നാണ് ജോൺസൺ കള്ളനോട്ട് നിർമ്മാണം പഠിച്ചത്. പല വീഡിയോകളും കാണുന്ന വേളയിൽ ഇടയ്ക്ക് കയറിവന്ന കള്ളനോട്ട് നിർമ്മാണം തലയ്ക്ക് പിടിച്ചു. പരീക്ഷിക്കാൻ വൻ വില കൊടുത്ത വിദേശ നിർമ്മിത സ്‌കാനറും പ്രിന്ററും ബെന്നിയുമായി പ്ലാൻ ചെയ്ത് വാങ്ങി. ഒറിജിനലിനെ വെല്ലുന്ന നോട്ടുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ബിസിനസായി മാറി.