alappuzha

കുട്ടനാട്: മിനിയുടെ ജീവിത പ്രതീക്ഷകൾ തളിരിട്ടു തുടങ്ങിയ നഴ്സറിയെ പ്രളയം കവർന്നതോടെ ഇനിയെന്ത് എന്ന ചോദ്യത്തിന് ഇനിയുമായിട്ടില്ല ഉത്തരം. താലിമാല ഉൾപ്പെടെ പണയപ്പെടുത്തിയും കിട്ടാവുന്നിടത്തു നിന്നൊക്കെ വായ്പ വാങ്ങിയും തുടങ്ങിയ ചെടി നഴ്സറി പ്രളയത്തിൽ താറുമാറായപ്പോൾ, പിടിച്ചുനിൽക്കാൻ ഒരു കച്ചിത്തുരുമ്പിനായി കാത്തിരുന്ന മിനിയുടെ അവസ്ഥ വിവരണാതീതമാണിപ്പോൾ.

മങ്കൊമ്പ് വടയാറ്റുചിറയിൽ മിനിയുടെ കുടുംബം പ്രളയം പകർന്നുനൽകിയ ദുരിതത്തിൽ ഇപ്പോഴും വിലപിക്കുകയാണ്. കാവാലം കുന്നുമ്മയിൽ വാടകയ്ക്കെടുത്ത 20 സെന്റിലാണ് മിനി ചെടികളുടെ നഴ്സറി ആരംഭിച്ചത്. അപൂ‌ർവ്വ ഇനങ്ങൾ ഉൾപ്പെടെയുള്ള ചെടികളിൽ ഭൂരിഭാഗവും പ്രളയത്തിൽ ഒലിച്ചുപോയി. ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് ഏതാനും വർഷം മുമ്പ് തെങ്ങിൽ നിന്നു വീണു ഗുരുതരമായി പരിക്കേറ്റതോടെ കുടുംബഭാരം മിനിയുടെ ചുമലിലായി. ഇതോടെയാണ് 'മലബാർ പ്ളാന്റ്സ്' എന്ന പേരിൽ നഴ്സറിക്കു തുടക്കം കുറിച്ചത്. സ്ഥലം ഒരുക്കാനും അപൂർവ ഇനങ്ങളിലുള്ള ചെടികളും മറ്റും വാങ്ങാനുമായി 10 ലക്ഷത്തോളമാണ് ചെലവായത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ മുന്നേറുന്നതിനിടെയാണ് പ്രളയമെത്തിയത്.

ചെടികളും തെങ്ങിൻതൈകളുമെല്ലാം ഒലിച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ കുടുംബം ആത്മഹത്യയുടെ വക്കിലുമായി. ഭർത്താവിൻറെ ചികിത്സയ്ക്കുള്ള പണം പോലം കണ്ടത്താൻ കഴിയാത്ത അവസ്ഥ. നഴ്സറിയുടെ സ്ഥല വാടക കുടിശികയായി. ആ ഇനത്തിൽ വൻതുക വേറെയും. വായ്പ നൽകിയവർ വീട്ടിലത്താൻ തുടങ്ങി. സഹായത്തിനായി പല വാതിലുകളിലും മുട്ടി. വില്ലേജ് ഓഫീസ് മുതൽ കൃഷിമന്ത്രിയുടെ ഓഫീസ് വരെ നിവേദനങ്ങളുമായി കയറിയിറങ്ങി. ഒരു പ്രയോജനവും ലഭിച്ചില്ല. ഏതെങ്കിലും കോണിൽ നിന്നൊരു കൈത്താങ്ങിനായി കാത്തിരിക്കുകയാണ് മിനിയും കുടുംബവും.