തൃശൂർ: പതിനൊന്നുമാസം മുമ്പ് ബാധിച്ച ലിവർ സീറോസിസ് മൂർച്ഛിച്ച് കരൾ മാറ്റിവെയ്ക്കേണ്ട അവസ്ഥയിലെത്തുമ്പോൾ 40 ലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ നിസഹായനാവുകയാണ് 41 വയസുകാരനായ ജിതേഷ്. കരൾ ദാനം ചെയ്യാൻ ജിതേഷിന്റെ ഭാര്യ തയ്യാറാണ്. ജനപ്രതിനിധികളും നാട്ടുകാരും ഒന്നായി ജിതേഷിനൊപ്പമുണ്ട്. പക്ഷേ, ഇത്രയും പണം മൂന്ന് ആഴ്ചകൾക്കുളളിൽ കണ്ടെത്താനാവുമോ എന്ന ആശങ്കയാണ് അവർക്ക്.
അവണൂർ എടക്കുളം കിഴക്കുമുറി വീട്ടിൽ രാജന്റെ മകൻ ജിതേഷിനെ ചികിത്സിച്ച ഡോക്ടർമാർക്ക് ആദ്യമൊന്നും കരൾരോഗം തിരിച്ചറിയാനായില്ല. നാൽപ്പതുശതമാനം പ്രവർത്തിച്ചിരുന്ന കരൾ മഞ്ഞപ്പിത്തവും പനിയും ബാധിച്ചതോടെ പത്ത് ശതമാനം മാത്രം പ്രവർത്തിക്കുന്ന അവസ്ഥയിലാണിപ്പോൾ. അതിനിടെ വൃക്കയെ രോഗം ബാധിക്കാനും തുടങ്ങി. ശസ്ത്രക്രിയയ്ക്കുളള പരിശോധനകളും പൂർത്തിയായി. രണ്ടു മാസത്തെ കാലയളവാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെങ്കിലും ജൂലായ് പതിനാറിനെങ്കിലും ശസ്ത്രക്രിയ ചെയ്യണമെന്നാണ് വിദഗ്ധോപദേശം. കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ് ട്രോ സർജനായ ഡോ. സുധീന്ദ്രനാണ് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ നിർദദേശിച്ചത്. മരുന്നിന്റെ സഹായത്താലാണ് ജിതേഷ് ജീവൻ നിലനിറുത്തുന്നത്.
മൃഗങ്ങളുടെ മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ റപ്രസന്റേറ്റീവ് ആയ ജിതേഷിന്, രോഗബാധിതനായ ശേഷം മാസങ്ങളായി ജോലിയ്ക്ക് പോകാനായിട്ടില്ല. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും അഞ്ചുവയസും എട്ടുമാസവും പ്രായമുള്ള രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ജിതേഷായിരുന്നു. ഭാര്യയ്ക്ക് ജോലിയില്ല. ആദ്യം വാടകവീട്ടിലായിരുന്നു. പഞ്ചായത്തിന്റെ പദ്ധതി വഴി ലഭിച്ച അഞ്ചുസെന്റ് സ്ഥലത്ത് പിന്നീട് വീട് പണിതു. അതുകൊണ്ടു തന്നെ വീട് വിൽക്കാനും പണയം വെയ്ക്കാനും കഴിയില്ല. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഇരുപത് ലക്ഷം രൂപയെങ്കിലും ആശുപത്രിയിൽ കെട്ടിവെയ്ക്കണം. ചികിത്സയിൽ കഴിയുന്ന ജിതേഷിനെ സഹായിക്കുന്നതിനായി ജനപ്രതിനിധികളുടെയും സുഹൃത്തുക്കളുടെയും സാമൂഹ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.
ജിതേഷിനെ സഹായിക്കാനായി അനിൽ അക്കര എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു വർഗീസ്, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് വിജയബാബുരാജ് എന്നിവരും പള്ളി വികാരിയും ക്ഷേത്രം മേൽശാന്തിയും അടക്കമുളളവർ സമിതിയുടെ രക്ഷാധികാരികളാണ്. എസ്.ബി. ഐ. അക്കൗണ്ട് നമ്പർ: 38507167191. IFSC Code: SBIN0071253