ashtamudi-lake

കൊല്ലം: അഷ്‌ടമുടിയിലെ ബോട്ടിൽ നിന്ന് പാരച്യൂട്ടിലൂടെ ഇനി ആകാശത്തേക്ക് പറന്നുയരാം. മാനം മുട്ടെ ഉയർന്ന് പൊങ്ങി കാഴ്ചകൾ കണ്ട് തിരികെ ബോട്ടിലേക്കിറങ്ങാം. വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കുന്ന സാഹസിക ജല കായിക വിനോദങ്ങളുടെ കേന്ദ്രമായി അഷ്‌ടമുടി മാറുകയാണ്. അഡ്വഞ്ചർ പാർക്കിൽ കായലോരത്ത് രണ്ട് മാസം മുൻപ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആരംഭിച്ച ജല കായിക കേന്ദ്രത്തിൽ എത്തിയത് സ്വദേശികളും വിദേശികളുമായ ആയിരങ്ങൾ. അഷ്‌ടമുടിയുടെ വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊല്ലത്തും മൺറോതുരുത്തിലും ജല കായിക കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്.

ashtamudi-lake

87 ലക്ഷം രൂപയാണ് രണ്ടിടത്തെയും കേന്ദ്രങ്ങൾക്കായി സർക്കാർ അനുവദിച്ചത്. ഓണത്തിന് മുമ്പ് മൺറോതുരുത്തിലെ കേന്ദ്രവും തുറക്കും. സ്വകാര്യ ഏജൻസികളുടെ സഹായത്തോടെയാണ് ജലകായിക കേന്ദ്രം പ്രവർത്തിപ്പിക്കുന്നത്. കായൽപ്പരപ്പിൽ നിന്ന് പാരച്യൂട്ടിലൂടെ ആകാശത്തേക്ക് പറന്നുയരുന്ന (winch operated parasail) സാഹസിക വിനോദം സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തിയത് അഷ്ടമുടിയിലാണെന്ന് ഡി.ടി.പി.സി അവകാശപ്പെടുന്നു. ആധുനിക ലൈഫ് ജാക്കറ്റുകളും മികച്ച പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 പറക്കാം, പാരച്യൂട്ടിൽ

കായൽപ്പരപ്പിലൂടെ തെന്നി നീങ്ങുന്ന ബോട്ടിൽ നിന്ന് പൊടുന്നനെ ആകാശത്തേക്ക് പാരച്യൂട്ടിൽ പറന്ന് പൊങ്ങാം. കായലോരത്തെ കണ്ടലഴകിനെ കൺനിറയെ ആസ്വദിച്ച് തിരികെ ബോട്ടിലേക്ക് തന്നെ ഇറങ്ങാം.

കാറ്റ് നിറച്ച ബലൂണിൽ തെന്നി നീങ്ങാം

ബോട്ടിന് പിന്നിൽ ഘടിപ്പിച്ച കാറ്റ് നിറച്ച വലിയ ബലൂണിൽ വെറുതെ കയറി ഇരുന്നാൽ മതി. കായലോളങ്ങളെ മറികടന്ന് തെന്നി നീങ്ങി അങ്ങനെ മുന്നോട്ട് പോകാം. ഒരേ സമയം നാല് പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ashtamudi-lake

ത്രില്ലടിപ്പിക്കും ബനാന റൈഡ്

നേന്ത്രപ്പഴത്തിന്റെ ആക്യതിയിലുള്ള കാറ്റ് നിറച്ച ബലൂൺ ആണ് കായൽ യാത്രയുടെ മറ്റൊരു ത്രിൽ. ബോട്ടിന് പിന്നിൽ ഘടിപ്പിച്ച ബനാന ബലൂണിലൂടെയുള്ള യാത്ര ഒരിക്കലെങ്കിലും ആസ്വദിച്ചാൽ മറക്കാനാകില്ല.

മഞ്ഞിൽ മാത്രമല്ല, വെള്ളത്തിലും സ്കേറ്റ് ചെയ്യാം

മഞ്ഞിൽ സ്കേറ്റ് ചെയ്യുന്നത് പോലെ അഷ്ടമുടിയിലും സ്കേറ്റ് ചെയ്യാം. ബോട്ടിന് പിന്നിൽ ഘടിപ്പിച്ച സ്കേറ്റിംഗ് പ്രതലത്തിൽ കയറി നിന്നാൽ മതി. ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള സാഹസിക അനുഭവത്തെ അടുത്തറിയാം.

 ചെറുവള്ളങ്ങളിൽ തുഴയെറിയാം

ashtamudi-lake

കയാക്കിംഗ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ചെറു വള്ളങ്ങളിൽ തുഴഞ്ഞ് നീങ്ങാനുള്ള അവസരവുമുണ്ട്. സാഹസികമായ അനുഭവങ്ങൾ വേണ്ടെന്ന് വയ്ക്കുന്നവർക്ക് അഷ്ടമുടിയുടെ വിവിധ ഭാഗങ്ങളിലേക്ക് സുരക്ഷിതമായ ചെറുവള്ളങ്ങളിൽ തുഴഞ്ഞ് പോകാം. അഷ്ടമുടിയിലെ സാഹസിക വിനോദങ്ങളോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മൺറോതുരുത്തിൽ ഓണത്തിന് മുൻപ് ജല കായിക കേന്ദ്രം തുറക്കും. സി.സന്തോഷ് കുമാർ സെക്രട്ടറി, ഡി.ടി.പി.സി