മണ്ണാർക്കാട്: വിവാഹം രജിസ്റ്റർ ചെയ്തു മടങ്ങവെ യുവ സൈനികന് ഭാര്യയുടെ കൺമുന്നിൽ വച്ച് ബൈക്കപകടത്തിൽ ദാരുണാന്ത്യം. വാലിക്കോട് മനിയംപാടം വീട്ടിൽ രാമകൃഷ്ണൻ ശശികല ദമ്പതികളുടെ മകൻ രാജീവൻ(27) ആണ് മരിച്ചത്. ആസാം നോർത്തേൺ കമാന്റിൽ സേവനം ചെയ്ത് വന്നിരുന്ന രാജീവൻ അസം സ്വദേശിനിയുമായി വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം രണ്ടാഴ്ച മുമ്പാണ് വിവാഹം കഴിച്ചത്. തുടർന്ന് ഇന്നലെ വിവാഹത്തിന്റെ രജിസ്‌റ്റർ നടപടികൾ പൂർത്തിയാക്കി കാഞ്ഞിക്കുളത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ദേശീയപാത തുപ്പനാട് പാലത്തിനു സമീപത്തായിരുന്നു അപകടം.
അസം ടെസ്പൂർ സ്വദേശിനി ധൻദാസിന്റെ മകൾ പ്രിയങ്കാദാസുമായി കഴിഞ്ഞ 9നായിരുന്നു രാജീവിന്റെ വിവാഹം. രാജീവ് സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചു പിക്കപ് വാനിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഓട്ടോയിൽ വരികയായിരുന്നു ഭാര്യയും അച്ഛനും. പരിക്കേറ്റ് കിടന്ന രാജീവിനെ അതേ ഓട്ടോയിൽ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
അസമിലെ സൈനിക ജോലിക്കിടെയാണ് രാജീവും പ്രിയങ്കയും പ്രണയത്തിലായത്. രാജീവിന്റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കാശ്മീരിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോൾ ലഭിച്ച 15 ദിവസത്തെ അവധി യാത്രയിൽ പ്രിയങ്കയെയും ഒപ്പം കൂട്ടി. കശ്മീരിലേക്ക് പോയി തിരികെ അസമിലെത്തുമ്പോഴേക്കും പ്രിയങ്കയെ നഷ്ടമാകുമോ എന്ന ആശങ്ക കാരണമായിരുന്നു ഒപ്പം നാട്ടിലേക്ക് കൂട്ടിയത്. മൃതദേഹം ഇന്നു 11ന് വാലിക്കോട് വേദവ്യാസ സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് ഐവർ മഠം ശ്മശാനത്തിൽ.