sajan-parayil

കോഴിക്കോട്: കണ്ണൂർ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലുള്ള അന്വേഷണം തൃപ്തികരമല്ലെന്നും സാജന്റെ കുടുംബത്തിന് നിയമസഹായം നൽകാൻ ഒരുക്കമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള അറിയിട്ടു. പാർട്ടി ഗ്രാമങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളിൽ ഒന്നാണ് സാജന്റെ ആത്മഹത്യയെന്നും ശ്രീധരൻപിള്ള പറഞ്ഞു. എല്ലാവർക്കും ഒരേപോലെ സർക്കാർ നീതി ഉറപ്പാക്കണം. ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിലും സമഗ്രമായ അന്വേഷണം വേണമെന്ന് ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.

തന്റെ സ്ഥാപനത്തിന്, ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ പി.കെ ശ്യാമള ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വീഴ്ച സംഭവിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തുകയും നാല് നഗരസഭാ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതുകൊണ്ടായില്ലെന്നും ശ്യാമളയ്ക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സാജന്റെ കുടുംബം ആവശ്യപ്പെടുന്നത്.

ഉദ്യോഗസ്ഥർക്കൊപ്പം തന്നെ ശ്യാമളയ്ക്കെതിരെയും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാജന്റെ ഭാര്യയും കുടുംബവും ഒരുങ്ങുന്നത്. താൻ ചെയർപേഴ്സന്റെ ചുമതലയിൽ ഇരിക്കുന്നിടത്തോളം കാലം സാജന് ലൈസൻസ് തരില്ലെന്ന് ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യ ആരോപിച്ചിരുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.കെ ശ്യാമള.

അതേസമയം, പി.കെ. ശ്യാമളയ്ക്കെതിരെ സി.പി.എം പ്രവർത്തകർ രംഗത്തെത്തി. ശ്യാമളയ്ക്കെതിരെ നടപടി വേണമെന്നാണ് സി.പി.എം ഏരിയ കമ്മിറ്റിയിൽ ആവശ്യമുയർന്നത്. കമ്മിറ്റി യോഗത്തിൽ വികാരാധീനയായാണ് പി.കെ ശ്യാമള പ്രതികരിച്ചത്. സംഭവത്തിൽ സി.പി.എം.നാളെ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചിട്ടുണ്ട്.