tamilnadu

ചെന്നൈ: വരൾച്ചയിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനിൽ വെള്ളം എത്തിച്ച് നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനത്തിൽ തമിഴ്‌നാട് ഇന്ന് തീരുമാനം അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചർച്ച ചെയ്തശേഷം തീരുമാനം അറിയിക്കാമെന്ന് മരാമത്ത് വകുപ്പ് മന്ത്രി വേലുമണി വ്യക്തമാക്കി.

കനത്ത വരൾച്ചയാണ് തമിഴ്‌നാട് നേരിടുന്നത്. ഇതിൽ നിന്ന് രക്ഷനേടാൻ ട്രെയിൻ മാർഗം 20ലക്ഷം ലിറ്റർ വെള്ളം നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എന്നാൽ ആവശ്യം തമിഴ്‌നാട് നിരസിച്ചു. കേരളത്തിന്റെ വാഗ്ദാനം സർക്കാർ നിരസിച്ചത് തമിഴ്‌നാട്ടിൽ വൻ പ്രതിഷേധമാണ് ഉണ്ടാക്കിയത്. വെള്ളം നൽകാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചതോടെ സ്വകാര്യ സ്‌കൂളുകൾ അടച്ചു തുടങ്ങി. സർക്കാർ സ്‌കൂളുകൾക്ക് അവധി നൽകുന്നത് അടുത്ത യോഗത്തിൽ തീരുമാനിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തൽക്കാലം അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സഹായങ്ങൾ വേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്.


എന്നാൽ കേരളത്തിന്റെ വാഗ്ദാനത്തിൽ നന്ദി അറിയിച്ച് പ്രതിപക്ഷനേതാവ് എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. സർക്കാർ ഈ വാഗ്ദാനം സ്വീകരിക്കാൻ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്നലെ നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിൽ മഴ ലഭിച്ചത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.