കൊച്ചി: പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹൈകോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രനാണ് ആന്തൂർ നഗരസഭയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സാജന്റെ ആത്മഹത്യ ഖേദകരമായ സംഭവമാണെന്നും കോടതി പറഞ്ഞു. കേസിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. പ്രവാസിയുടെ ആത്മഹത്യ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ കോടതി അപേക്ഷകൾ തീർപ്പാക്കാതെ തടഞ്ഞുവയ്‌ക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചൂണ്ടിക്കാട്ടി.
അടുത്ത മാസം പതിനഞ്ചിനകം വിശദീകരണം നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു കാരണ വശാലും ഈ സംഭവം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. ജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളിൽ ഒരിക്കലും മൗനം പാടില്ല. അപേക്ഷകൾ നൽകി പലരും ഓടിനടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇനിയെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ഉചിതമായ ഒരു നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വിമർശിച്ചു. സാജൻ ആന്തൂർ നഗരസഭയുമായി നടത്തിയ എല്ലാത്തരം ആശയവിനിമയങ്ങളുടേയും രേഖകൾ സർക്കാർ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം ഉദ്യോഗസ്ഥർക്കും നഗരസഭാ ചെയർപേഴ്‌സണിനും എതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാകുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നതെന്നും നിയമപരമായി തന്നെ കേസിന്റെ വിവിധ വശങ്ങൾ പരിശോധിക്കുമെന്നും ആരെയും സംരക്ഷിക്കാൻ ശ്രമിക്കില്ലെന്നും ബെഹ്‌റ പറഞ്ഞു. കേസിൽ നിഷ്പക്ഷമായ അന്വേഷണമായിരിക്കും ഉണ്ടാവുകയെന്നും ലോക്നാഥ് ബെഹ്‌റ ഉറപ്പ് നൽകി.
ഉദ്യോഗസ്ഥർക്കൊപ്പം തന്നെ ശ്യാമളയ്ക്കെതിരെയും ആത്മഹത്യ പ്രേരണാകുറ്റം ചുമത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഈ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാജന്റെ ഭാര്യയും കുടുംബവും ഒരുങ്ങുന്നത്. സംഭവത്തിൽ വീഴ്ച സംഭവിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തുകയും നാല് നഗരസഭാ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ഇതുകൊണ്ടായില്ലെന്നും ശ്യാമളയ്ക്കെതിരെ കടുത്ത നടപടി വേണമെന്നുമാണ് സാജന്റെ കുടുംബം ആവശ്യപ്പെട്ടത്. തന്റെ സ്ഥാപനത്തിന്, ആന്തൂർ നഗരസഭാ ചെയർപേഴ്‌സൺ ലൈസൻസ് നിഷേധിച്ചതിൽ മനംനൊന്താണ് സാജൻ ആത്മഹത്യ ചെയ്തത്. താൻ ചെയർപേഴ്സണിന്റെ ചുമതലയിൽ ഇരിക്കുന്നിടത്തോളം കാലം സാജന് ലൈസൻസ് തരില്ലെന്ന് ശ്യാമള പറഞ്ഞതായി സാജന്റെ ഭാര്യ ആരോപിച്ചിരുന്നു.