മലയാളസിനിമയിലെ ആദ്യ സൂപ്പർ സ്‌റ്റാർ ആര് എന്ന ചോദ്യത്തിന് 'ജയൻ' എന്ന ഒറ്റ ഉത്തരമേയുള്ളൂ. കരിയറിൽ ഏറ്റവും ഉയർച്ചയുടെയും പ്രശസ്‌തിയുടെയും ഘട്ടത്തിൽ നിൽക്കുമ്പോഴാണ് മരണം നിനയ്‌ക്കാത്ത അതിഥിയായി എത്തി ജയനെ കൂട്ടികൊണ്ടുപോയത്. ഓർമ്മയായിട്ട് മൂന്നര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാള സിനിമയിലും പ്രേക്ഷകരിലും ഇളക്കം തട്ടാത്ത സൂപ്പർ താരം തന്നെയാണ് ജയൻ എന്ന മഹാനടൻ.
ഏറെ കോളിളക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു ജയന്റെ മരണം. 1980 നവംബർ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിനിടയിലായിരുന്നു ജയന്റെ മരണം. ഇത് പിന്നീട് അപകടമരണമല്ലെന്നും, കൊലപാതകമാണെന്നുമൊക്കെയുള്ള കിംവദന്തികൾ ഉയർന്നു. അന്ന് മലയാള സിനിമയിലെ പലപ്രമുഖരുടെയും പേരുകൾ ജയന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു.
എന്നാൽ ജയന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന ജനശ്രുതികളെല്ലാം തന്നെ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് പറയുകയാണ് പഴയകാല നടി ശ്രീലതാ നമ്പൂതിരി. കോളിളക്കത്തിൽ താനും അഭിനയിച്ചിരുന്നതാണെന്നും ഓർമ്മകൾ ഓർത്തെടുത്തുകൊണ്ട് ശ്രീലത പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് ശ്രീലത മനസു തുറന്നത്.
'ഈ പറയുന്ന ഗോസിപ്പുകൾക്കൊന്നും ഒരു ബന്ധവുമില്ല. ഞാൻ അഭിനയം നിറുത്തിയ ചിത്രമാണത്. ഞാൻ ചെന്നൈയോട് വിട പറയുന്ന ദിവസമാണ്. ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ ഇരിക്കുവാണ്. ആ സമയത്ത് എല്ലാവരും പറഞ്ഞിരുന്നു ബാലൻ കെ നായർ ചവിട്ടി താഴ്‌ത്തി, സോമനൊ സുകുമാരനൊയൊക്കെ കൈക്കൂലി കൊടുത്ത് ചെയ്‌തതാണെന്നൊക്കെ. അതൊന്നുമല്ല. സംഭവം എന്താണെന്ന് വച്ചാൽ, ജയൻ എന്തു റിസ്‌ക് എടുത്തും ഇങ്ങനെയുള്ള സീനുകൾ ചെയ്യുന്ന ഒരാളാണ്. ആദ്യം ആ ഷോട്ട് എടുത്ത് ഓകെയാണെന്ന് ഡയറക്‌ടർ പറഞ്ഞതാണ്. പിന്നെയും പുള്ളിക്കത് പറ്റാത്തതു കൊണ്ട് ഹെലികോപ്‌ടറിൽ ഒന്നുകൂടി എടുക്കണമെന്നു പറഞ്ഞു. ഒന്നുകൂടെ പുള്ളി അതിൽ പിടിച്ചപ്പോൾ വെയിറ്റ് ഒരു സൈഡിലോട്ടായി. തട്ടാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ പൈറ്റ് മേൽപ്പോട്ടതു പൊക്കി. അപ്പോൾ കൈവിട്ടു. താഴെ വീണ് തലയിടിച്ചു. ജീവിച്ചിരുന്നിട്ടും കാര്യമുണ്ടായിരുന്നില്ല. കാരണം, വെജിറ്റബിൾ പോലെ കിടന്നേനെ. പുള്ളിയുടെ ആരോഗ്യത്തിന്റെയോ, മനസിന്റെയോ ബലം കാരണം പുള്ളി നടന്ന് കാറിൽ കയറി എന്നാണ് പറയുന്നത്'- ശ്രീലത നമ്പൂതിരി പറയുന്നു.