കണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതി നൽകിയ യുവതി മുംബയ് ഒഷിവാര പൊലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. യുവതിയുമൊത്തുള്ള ചിത്രങ്ങൾ, ഫോൺ കോൾ റെക്കാഡിംഗുകൾ, ഒന്നിച്ചുള്ള വീഡിയോകൾ എന്നിവ പൊലീസിന് കൈമാറിയെന്നാണ് റിപ്പോർട്ട്. കൂടാതെ ഇവർ ഒരുമിച്ച് ഹോട്ടലുകളിലും ഫ്ലാറ്റുകളിലും താമസിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുവതി നൽകിയ ചിത്രങ്ങളും വീഡിയോകളും റെക്കോഡിംഗുകളും കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കാൻ ഇവ ഫോറൻസിക്ക് പരിശോധനകൾക്ക് വിധേയമാക്കും. മുംബയിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നതിന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ ബിനോയ് മുംബയ് സെഷൻസ് കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും റിപ്പോർട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നത്. ബിനോയ്‌ക്കായി തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് മുംബയ് പൊലീസ്. ബിനോയിയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കും
അതേസമയം, ബിനോയിയെ കസ്റ്റഡിയിലെടുക്കാൻ കണ്ണൂരിലെത്തിയ മുംബയ് പൊലീസിന് ബിനോയിയെ കണ്ടുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ട് ഫോണുകളും സ്വിച്ച് ഓഫാക്കിയ ബിനോയി നിലവിൽ ഒളിവിലാണെന്നാണ് സൂചന. ബിനോയിയെ കണ്ടെത്താൻ സഹായിക്കണമെന്ന് കേരള പൊലീസിനോട് മുംബയ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം തലശേരി തിരുവങ്ങാട്ടെ വീട്ടിലെത്തിയ മുംബയ് പൊലീസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പൊലീസ് എത്തിയ സമയത്ത് ബിനോയി വീട്ടിൽ ഉണ്ടായിരുന്നില്ല. മുംബയിൽ നിന്നുള്ള എസ്.ഐ വിനായക് യാദവ്, എ. എസ്. ഐ ദേവാനന്ദ് പവാർ എന്നിവരാണ് ഇന്നലെ വൈകിട്ട് കണ്ണൂരിലെത്തിയത്. സംഘം കണ്ണൂർ എസ്.പി പ്രതീഷ് കുമാറുമായി മൂന്നു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. മുംബയ് ഓഷിവാര പൊലീസ് ബിനോയിയെ ഫോണിൽ ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.