ന്യൂയോർക്ക്: ഇറാനുനേരെ ആക്രമണം നടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയതായി റിപ്പോർട്ട്. എന്നാൽ, സൈനിക നീക്കത്തിന് ഉത്തരവിട്ടെങ്കിലും ഉടൻ പിൻവലിക്കുകയായിരുന്നു. അതിർത്തി ലംഘിച്ചെത്തിയ അമേരിക്കൻ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാർഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയത്.
വൈറ്റ് ഹൈസിൽ കടുത്ത വാഗ്വാദങ്ങൾക്കും ചർച്ചകൾക്കൊടുവിലാണ് തീരുമാനമെടുത്തത്. ഇറാന്റെ റഡാറുകളും മിസൈൽ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈൽ തൊടുക്കുന്നതിന് മുമ്പ് പിൻവാങ്ങാൻ നിർദേശമെത്തുകയായിരുന്നു. ഇറാനിയൻ സൈന്യത്തിനും പൗരന്മാർക്കുമുണ്ടാകുന്ന അപകടം കുറയ്‌ക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്താനാൻ പദ്ധതിയിട്ടത്.
130 മില്യൺ വിലയുള്ള ചാര ഡ്രോണാണ് ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാർഡ് കഴിഞ്ഞ ദിവസം വെടിവച്ചിട്ടത്. ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും ഡ്രോൺ അന്താരാഷ്ട്ര വ്യോമ മേഖലയിലായിരുന്നെന്നുമാണ് പെന്റഗൺ വക്താവ് പ്രതികരിച്ചത്. വ്യോമപരിധിയിലേക്കുള്ള നുഴഞ്ഞുകയറ്റം വച്ചുപൊറുപ്പിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
വിമാനങ്ങളും കപ്പലുകളും ഒരുക്കി നിറുത്തുകയും ചെയ്തിരുന്നു. എന്നാൽ, ആക്രമണം വേണ്ടെന്ന ഉത്തരവ് വന്നതോടെ ഒരു മിസൈൽ പോലും ഉതിർത്തിട്ടില്ല. മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന മൂന്നാമത്തെ ആക്രമണമാകുമായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. 2017ലും 2018ലും സിറിയയെ ലക്ഷ്യമിട്ട് ട്രംപ് ആക്രമണം നടത്തിയിരുന്നു. ഇറാനും അമേരിക്കയും തമ്മിലെ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്.