പിരിച്ചുവെച്ച മീശയും മുഖത്തെ വെട്ടേറ്റ പാടുമായി 'അബു ഭീകരൻ.. കൊടും ഭീകരൻ.. യമ കിങ്കരൻ' എന്ന പാട്ടും പാടി കുട്ടികളെ ചിരിപ്പിച്ച് കൈയിലെടുത്ത താരമാണ് സൈജു കുറുപ്പ്. ആട് ഒരു ഭീകരജീവിയിലെയും ആട് റ്റുവിലെയും അറക്കൽ അബുവായി സൈജു നിറഞ്ഞഭിനയിച്ചപ്പോൾ ആ 'നിഷ്‌കളങ്ക വില്ലനെ' പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ നിങ്ങൾ കണ്ട അബു ഇപ്പോൾ ചില്ലറക്കാരനല്ല. സ്വന്തമായി ബി.എം.ഡബ്ല്യുയുള്ള ഒരു കൊടും ഭീകരനാണ്. ആഡംബരത്തിൽ എന്നും മുന്നിൽ നിൽക്കുന്ന ജർമ്മൻ വാഹനിർമ്മാതാക്കളായ ബി.എം.ഡബ്ല്യൂവിന്റെ എസ്.യു.വി മോഡലായ എക്സ് വണ്ണാണ് സൈജു കുറുപ്പ് സ്വന്തമാക്കിയത്.
കൊച്ചിയിലെ ബി.എം.ബ്ല്യു ഡീലർഷിപ്പിൽ നിന്നാണ് താരം വാഹനം സ്വന്തമാക്കിയത്. പെട്രോൾ, ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണെന്ന് വ്യക്തമല്ല. എക്സ് 1 ബിഎംഡബ്ല്യുവിന്റെ ലൈനപ്പിലെ മികച്ച വാഹനങ്ങളിലൊന്നാണ്. 2.0 ലിറ്റർ നാലു സിലിൻഡർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ 187 ബി.എച്ച്.പി. കരുത്തും 400 എൻ.എം. ടോർക്കും പരമാവധി സൃഷ്ടിക്കും.
എട്ടു സ്പീഡാണ്. ഓട്ടോമാറ്റിക് ഗിയർബോക്സ്, പാഡിൽ ഷിഫ്റ്റുകൾ, ലോഞ്ച് കൺട്രോൾ എന്നിവ സ്റ്റാൻഡേർഡ് ഫീച്ചറാണ്. ആറു എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എ.ബി.എസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ചൈൽഡ് സീറ്റ് മൗണ്ടുകൾ, റൺഫ്ളാറ്റ് ടയറുകൾ എന്നിവ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. മെഴ്സിഡസ് ജി. എൽ.എ., ഔഡി ക്യുത്രീ, വോൾവോ എക്സ്.സി.40 എന്നിവരാണ് എതിരാളികൾ.