ദുബായ്: മാസാജ് പാർലറിൽ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ദുബായിലെത്തിച്ച് വേശ്യാവൃത്തിക്ക് നിർബന്ധിച്ച മൂന്ന് പേർ അറസ്റ്റിൽ. മനുഷ്യക്കടത്തിനും, പതിനേഴുകാരിയെ വേശ്യവൃത്തിക്ക് നിർബന്ധിച്ചതിനും ബംഗ്ലാദേശ് സ്വദേശികളായ മൂന്ന് യുവാക്കൾക്കെതിരെ കേസെടുത്തു. ദുബായിലെ അൽഖൂസിലാണ് സംഭവം. വ്യാജ പാസ്‌പോർട്ടിലാണ് പ്രതികൾ ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ദുബായിലെത്തിച്ചത്.
പെൺകുട്ടിയെ അൽഖൂസിലെ യുവാക്കളുടെ ഫ്‌ളാറ്റിലെത്തിച്ചു. അവിടെയുള്ള മറ്റ് സ്ത്രീകളാണ് യഥാർത്ഥ ജോലിയെന്താണെന്ന് പതിനേഴുകാരിയെ അറിയിച്ചത്. ആ ഫ്‌ളാറ്റൊരു വേശ്യാലയമാണെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി തന്റെ നാട്ടിലേക്ക് തിരിച്ച് പോകണമെന്ന് പ്രതികളോട് ആവശ്യപ്പെട്ടു. എന്നാൽ പാസ്‌പോർട്ടിനും മറ്റും ചെലവായ 13000 ദിർഹം തിരിച്ച് തരാതെ തിരിച്ച് പോകാൻ അനുവദിക്കില്ലെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഇതിനിടെ ഒരു പാകിസ്താൻ സ്വദേശി പൊലീസിന്റെ നമ്പർ പെൺകുട്ടിക്ക് നൽകി. തുടർന്ന് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. 'പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് ഞങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ വാറന്റുമായി ഫ്‌ളാറ്റിൽ റെയ്ഡ് നടത്തി. ഇരയെ മോചിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന പ്രതികളെയും അറസ്റ്റ് ചെയ്തു' പൊലീസ് പറയുന്നു.