devegowda-kumaraswami

ബംഗളുരു: കർണാടകത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്ന് ജനതാ ദൾ(സെക്കുലർ) ദേശീയ അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്. ഡി ദേവഗൗഡ പറഞ്ഞു. എന്നാൽ ജനതാദൾ - കോൺഗ്രസ് സഖ്യത്തിന് യാതൊരു ഉലച്ചിലും സംഭവിച്ചിട്ടില്ലെന്നും കോൺഗ്രസ് പ്രതികരിച്ചു. സർക്കാർ കാലാവധി പൂർത്തീകരിക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു പറഞ്ഞു.ഇത് ദേവഗൗഡയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും, അദ്ദേഹം ഇടക്കിടയ്ക്ക് ഇങ്ങനെയൊക്കെ പറയാറുണ്ടെന്നും ഈ പ്രസ്താവന അദ്ദേഹം തിരുത്തണമെന്നും ഗുണ്ടു റാവും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ മകനും ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമി ഏത്താൻ പാടില്ലായിരുന്നുവെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞിരുന്നു. മാത്രമല്ല കോൺഗ്രസിൽ നിന്നുമുള്ള സമ്മർദ്ദം മൂലമാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപീകൃതമായതെന്നും ദേവഗൗഡ വെളിപ്പെടുത്തി. കോൺഗ്രസ് പാർട്ടിക്ക് മുൻപുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടുവെന്നും കർണാടകയിലെ സഖ്യകക്ഷി സർക്കാരിന്റെ ഭാവി കുമാരസ്വാമിയുടെ കൈയിൽ അല്ലെന്നും അത് കോൺഗ്രസാകും നിയന്ത്രിക്കുകയെന്നും ദേവഗൗഡ ചൂണ്ടിക്കാട്ടിയിരുന്നു. കർണാടകത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്നും ദേവഗൗഡ പറഞ്ഞു.

'കർണാടകത്തിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം രൂപീകരിക്കാൻ ഒപ്പം നിന്നത് ഞാനാണ്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അശോക് ഗെലോട്ടിനെയും, ഗുലാം നബി ആസാദിനെയും ബംഗളുരുവിലേക്ക് അയച്ചിരുന്നു. നമ്മൾ തമ്മിൽ നടത്തിയ ചർച്ചയിൽ സഖ്യം ചേരുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഞാൻ അറിയിച്ചു. എനിക്കത് വേണ്ടെന്നാണ് ഞാൻ അവരോട് പറഞ്ഞത്.' ദേവഗൗഡ പറയുന്നു.

മല്ലികാർജുൻ ഖാർഗെയെ കർണാടക മുഖ്യമന്ത്രിയാക്കാനായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്ന് രാഹുൽ ഗാന്ധി നിർബന്ധിച്ചതിനെ തുടർന്നാണ് താൻ വഴങ്ങിയതെന്നും ദേവഗൗഡ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ആ ആഗ്രഹം ഗുലാം നബി ആസാദാണ് ദേവഗൗഡയെ അറിയിച്ചത്. കോൺഗ്രസും ജെ.ഡി.എസും തമ്മിലുള്ള അന്തർസംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ വരുന്നത്.