alphons-joseph

കൊച്ചി : ശൈശവത്തിൽ തന്നെ സംഗീതത്തിന്റെ അടിസ്ഥാനം പകർന്നുനൽകാനും കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് സംഗീതസംവിധായകനും ഗായകനുമായ അൽഫോൻസ് പാഠ്യപദ്ധതി തയ്യാറാക്കി. സംഗീതപഠനത്തിനൊപ്പം കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് അൺഫോൻസ് പറഞ്ഞു. അൺഫോൻസ് സ്ഥാപിച്ച ക്രോസ്റോഡ്സ് സ്കൂൾ ഒഫ് മ്യൂസിക്കാണ് "കിൻഡർ മ്യൂസിക് ലാൻഡ്" എന്ന പേരിൽ സ്കൂളുകളിൽ പാഠ്യപദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ലോഗോ പ്രകാശനം സംഗീതസംവിധായകൻ എം. ജയചന്ദ്രൻ നിർവഹിച്ചു.

ഒന്നു മുതൽ എട്ടു വയസു വരെയുള്ളവർക്ക് മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് പരിശീലനം. ആഴ്ചയിൽ രണ്ടു മണിക്കൂർ വീത രണ്ടു വർഷം നീളുന്നതാണ് കോഴ്സ്. പാടുന്നത് മുതൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതുവരെ പഠിപ്പിക്കും. തുടർന്ന് ഏറ്റവും അനുയോജ്യമായ ഇനം തിരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നേടാൻ കഴിയും. അംഗനവാടി കുട്ടികൾക്കും കിൻഡർ മ്യൂസിക് ലാൻഡ് പദ്ധതി നടപ്പാക്കുന്നതിന് സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ക്രോസ് റോഡ്സ് ഡയറക്ടർ രജനി അൺഫോൻസ്, അക്കാഡമിക് മേധാവി അനു പിനീറോ, ഉപദേഷ്ടാവ് ഡോ.കെ.എ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.