gold

കൊച്ചി: രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 3180 രൂപയായി. പവന് 320രൂപ വർദ്ധിച്ച് 25440 രൂപയായി.

രാജ്യാന്തര വിപണിയിലും സ്വർണവില കുത്തനെകൂടി.

കഴിഞ്ഞ ഫെബ്രുവരി 20ന് പവൻവില 25,160 രൂപയിലും ഗ്രാം വില 3,145 രൂപയിലും എത്തിയിരുന്നു. നിലവിലെ ട്രെൻഡ് അനുസരിച്ച്, വില വൈകാതെ പുതിയ ഉയരം കുറിക്കുമെന്നാണ് വിലയിരുത്തൽ.

ഈ മാസം മൂന്നിന് പവന് 24,080 രൂപയും ഗ്രാമിന് 3,010 രൂപയുമായിരുന്നു വില. അന്നുമുതൽ ഇതിനകം പവനു കൂടിയത് 1,040 രൂപയാണ്. ഗ്രാമിന് 130 രൂപയും ഉയർന്നു. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം ചേരുന്ന ധനനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് സ്വർണത്തിന് നേട്ടമാകുന്നത്. പലിശനിരക്ക് കുറയുന്നത് അമേരിക്കൻ കടപ്പത്രം, ഡോളർ എന്നിവയുടെ മൂല്യത്തകർച്ചയ്ക്ക് വഴിയൊരുക്കും. ഇതാണ്, നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നത്.

അഞ്ചുവർഷത്തെ ഉയരമായ 1,394.11 ഡോളർ വരെയെത്തി ഇന്നലെ രാജ്യാന്തര സ്വർണവില. ഇന്നലെ വ്യാപാരാന്ത്യം 1,382.61 ഡോളറിലാണ് സ്വർണവില ഔൺസിനുള്ളത്. എന്നാൽ, വില ഈവാരം തന്നെ 1,4001,450 ഡോളറിൽ എത്തിയേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കിൽ കേരളത്തിലും വില വൻതോതിൽ കൂടും. അമേരിക്ക ചൈന വ്യാപാരയുദ്ധം, പശ്ചിമേഷ്യയിലെ യുദ്ധഭീതി, ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം എന്നിവയും സ്വർണ വിലക്കുതിപ്പിന് വളമാകുന്നുണ്ട്.