health

ഒരുപാട് കാലം കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിലേറെയും. വെറുതെ ജീവിച്ചാൽ മാത്രം പോരാ, ആ ജീവിതം വളരെ ആരോഗ്യപൂർണവുമായിരിക്കണം. എന്നാൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ സ്വന്തം ശരീരം തന്നെ പലരും മറക്കുന്നു. ജീവിത രീതികളും അച്ചടക്കമില്ലാത്ത ഭക്ഷണക്രമങ്ങളും യൗവനാവസ്ഥയിൽ പോലും പലരെയും രോഗികളും മൃതപ്രായരുമാക്കുന്നു.

'ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുള്ളൂ' എന്ന് പറയുന്നത് വെറുതെയല്ല. അത്തരത്തിൽ ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടാകണമെങ്കിൽ ശരിയായ ഭക്ഷണം ശരിയായ സമയത്ത് ശരിയായ രീതിയിൽ കഴിക്കുക കൂടി വേണം. ഇത്തരത്തിൽ നല്ല ഭക്ഷണക്രമത്തെ ജീവിതശൈലിയാക്കി മാറ്റുന്ന ഒരാൾക്ക് ഏറെ കാലം ആരും കൊതിക്കുന്ന ആരോഗ്യത്തോടു കൂടി ജീവിച്ചിരിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

എന്നാൽ എന്തൊക്കെയാണ് ആരോഗ്യകരമായ ഈ ഭക്ഷണ ശൈലി എന്നറിയണ്ടേ? അതോർത്ത് അധികമൊന്നും ബേജാറാകേണ്ട കാര്യമില്ല. വെറും ആറു കാര്യങ്ങൾ അഥവാ ആറു ഭക്ഷണക്രമങ്ങൾ ശീലിച്ചു കഴിഞ്ഞാൽ മാത്രം മതി. ഇനി അവ എന്തൊക്കെയാണെന്ന് നോക്കാം-

vegetable

1. പച്ചക്കറികളും പഴങ്ങളും

പഴങ്ങളും പച്ചക്കറികളും നിത്യവും നാം ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയമോ? ആരോഗ്യം, രോഗപ്രതിരോധം, രോഗ നിവാരണം, സൗന്ദര്യം എന്നിവയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള പ്രാധാന്യം ഏറെയാണ്.

മഴക്കാലത്ത് ഇലക്കറികൾ ധാരാളം കഴിക്കണം. ഇത് വയറിനും ദഹനത്തിനും നല്ലതാണ്. ശരീരത്തിൽ കടന്ന് കൂടുന്ന വിഷാംശങ്ങളെ ചെറുക്കാനും ഇലക്കറികൾക്ക് കഴിയും. ഉഴുന്ന്, പയറ്, ചീര, തുവര, തകര, താള്, മുതിര, മത്തൻ, മുരിങ്ങ എന്നിവയുടെ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വള്ളികളിൽ കായ്ക്കുന്ന കുമ്പളങ്ങ, പാവയ്ക്ക, വെള്ളരി എന്നിവയൊക്കെ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുള്ളവയാണ്. ഇതിൽ ശ്രേഷ്ഠമാണ് കുമ്പളങ്ങ. ഇതിന്റെ നീര് കഴിച്ചാൽ മൂത്ര തടസ്സം മാറിക്കിട്ടും. വെള്ളരി സൗന്ദര്യത്തിനും ആരോഗ്യത്തിനു നല്ലതാണ്

ഉഷ്ണകാല രോഗങ്ങൾ ശമിപ്പിക്കുന്നതിന് വെള്ളരിക്ക കഴിക്കുന്നത് നന്ന്. ശരീരത്ത് നീര് കെട്ടുന്നത് ശമിപ്പിക്കുന്നതിനും ഉപ്പ് കൂടുതൽ കഴിക്കുന്നത് മൂലം ശരീരത്തിൽ നീർക്കോളുണ്ടായാൽ അത് ശമിപ്പിക്കുന്നതിനും വെള്ളരി നീര് ഉത്തമമാണ്.

ഇലകളിൽ അപ്പവും അടയും വേവിച്ചെടുക്കുന്നത് ആഹാരത്തിന് രുചിയും ഗുണവും നൽകും. വാഴയില, താമരയില, ചീലാന്തിയില, വട്ടയില തുടങ്ങിയ ഇലകളിൽ പുഴുങ്ങിയെടുക്കുന്ന അടയ്ക്ക് ഔഷധഗുണങ്ങളുമുണ്ടാകും.

പാവയ്ക്ക, വെള്ളരിക്ക, കബേജ്, ചീര തുടങ്ങിയവ പ്രമേഹരോഗികൾ കൂടുതലായി ഉപയോഗിക്കണം. ഗർഭിണികൾ ഇലക്കറികളും വെള്ളരിക്കയും കുമ്പളങ്ങയും കൂടുതലായി കഴിക്കണം. പ്രമേഹം, കൊളസ്‌ട്രോൾ രോഗങ്ങൾ ഉള്ളവരും ഇലക്കറികൾ കഴിക്കണം.

ഇതിനെല്ലാം പുറമെ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകൾ ഹൃദയാരോഗ്യ സാധ്യത കുറയ്‌ക്കും. ഇവയ്‌ക്ക് മണം നൽകുന്ന ബയോഫ്ളേവനോഡുകൾ ശരീരത്തിന് രോഗപ്രതിരോധ ശേഷിയും സംരക്ഷണവും നൽകും.

pulses

2. ധാന്യങ്ങൾ

മുഴുവൻ ധാന്യങ്ങൾക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങൾക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങൾക്കുമുള്ളൊരു പ്രതിരോധ മാർഗം കൂടിയാണിത്. തവിടു കളയാത്ത ധാന്യങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം. വയറിന്റെ ആരോഗ്യത്തിനും തടി കുറയാനും ഇത്തരം നാരുകൾ സഹായിക്കും.

മുഴുവൻ ഗോതമ്പ് പൊടിച്ചുണ്ടാകുന്ന ചപ്പാത്തിയും ഭക്ഷണവസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവ ആരോഗ്യം നന്നാക്കുമെന്നു മാത്രമല്ല, തടി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. മൈദ ഒഴിവാക്കി പകരം ഗോതമ്പു കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങൾ ശീലമാക്കുക.

ബാജ്ര എന്നറിയപ്പെടുന്ന ധാന്യവും ഇത്തരത്തിലൊരു ഭക്ഷ്യവസ്തു തന്നെ. പ്രത്യേകിച്ച് സ്ത്രീകളിലുണ്ടാകുന്ന വിളർച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

ജോവർ എന്ന ധാന്യവും ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷ്യവസ്‌തു തന്നെ. ഇതു കൊണ്ടുണ്ടാക്കുന്ന റൊട്ടി രാജസ്ഥാനിലെ ഒരു പ്രധാന ഭക്ഷണമാണ്. ധാരാളം പ്രോട്ടീൻ അടങ്ങിയ ഒന്നാണ് ബാർലി. ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ചോളവും ധാരാളം നാരുകൾ അടങ്ങിയ ഒരു ഭക്ഷണവസ്‌തു തന്നെയാണ്. ഇത് ദഹിക്കാൻ എളുപ്പമാണ്. മാത്രമല്ല, ഇതിൽ ധാരാളം അയേണും അടങ്ങിയിട്ടുണ്ട്.

ബാർലിയും ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. കരളിനു ദോഷം ചെയ്യുന്ന അധികം ബിലിറൂബീൻ പുറന്തള്ളാൻ ഇത് സഹായിക്കും.

milk

3. പാലും പാലുത്‌പന്നങ്ങളും

മുൻ ക്യാപ്‌ടൻ മഹേന്ദ്ര സിംഗ് ധോണി വെളിപ്പെടുത്തിയ ഒരു സത്യമുണ്ട്: ''എന്റെ ആരോഗ്യത്തിന്റെ രഹസ്യം ദിവസവും കുടിക്കുന്ന നാലു ലീറ്റർ പാൽ ആണ്. ചെറുപ്പം മുതൽക്കേ തുടങ്ങിയ ശീലമാണിത്. ദിവസവും കറവക്കാരൻ വീട്ടിൽ പശുവിൻപാൽ കൊണ്ടുതരും. സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ഏറെ പാൽ കുടിക്കാൻ അമ്മ നിർബന്ധിക്കും. അങ്ങനെ അതു ശീലമായി. ഇപ്പോൾ ദിവസവും നാലു ലീറ്റർ പാൽ കുടിക്കും''. 2005–ലായിരുന്നു ധോണിയുടെ ഈ വെളിപ്പെടുത്തൽ.

ധോണി ഇപ്പോഴും നാലു ലീറ്റർ പാൽ വീതം കുടിക്കുന്നുണ്ടോ എന്നറിയില്ല. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ധോണിയെപ്പോലെ നാലു ലീറ്റർ പാൽ കുടിക്കണം എന്നാരും പറയുകയുമില്ല. എന്നാൽ ധോണിയെപ്പോലെ, കുടിക്കുന്ന പാൽ 'ഫ്രഷ്' ആയിരിക്കണം എന്നത് നിർബന്ധം. അതായത് പാൽ നറുപാലായിരിക്കണം. ഒട്ടുമേ പഴക്കമില്ലാത്ത കറന്നെടുത്ത പാൽ.

വിവിധയിനം പോഷകങ്ങളാൽ സമ്പന്നമായതിനാൽ പാൽ ഊർജത്തിന്റെ കലവറയാണെന്നു പറയാം. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ ദ്രാവകരൂപത്തിൽത്തന്നെ ലഭിക്കുന്നു എന്നത് മേൻമയാണ്. ഉദാഹരണത്തിന് പാലിലെ കാൽസ്യത്തിന്റെ സാന്നിധ്യം എല്ലിനും പല്ലിനും ഏറ്റവും മികച്ച ആരോഗ്യം നൽകും. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുന്നു. നിശ്ചിത അളവിലെങ്കിൽ പൊട്ടാസിയം രക്തസമ്മർദം വർധിപ്പിക്കാതെ സഹായിക്കും. എല്ലാത്തരം അമീനോ ആസിഡുകളാൽ സമൃദ്ധമാണ് പാൽ. ഇത് പേശീനിർമാണത്തെ സഹായിക്കുകയും അതുവഴി ശരീരഭാരം ക്രമപ്പെടുത്തുകയും ചെയ്യും. പാലിലുള്ള ട്രിേ്രപ്രാഫാൻ എന്ന അമീനോ ആസിഡ് ഉറക്കത്തെ സഹായിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇളംചൂടോടെ ഒരു ഗ്ലാസ് പാൽ കിടക്കുന്നതിന് മുൻപ് കുടിക്കുന്നത് നല്ലതെന്ന് പറയുന്നത്. വൈറ്റമിൻ ഡി കോശങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിൽ പ്രധാന ഘടകമാണ്. കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയും വികാസവും കാൻസറിന് വഴിവയ്ക്കുന്നു. ചുരുക്കത്തിൽ വൈറ്റമിൻ ഡിയുടെ സാന്നിധ്യം കാൻസർ വരാനുള്ള സാധ്യതകളെ ഇല്ലാതാക്കും.

chicken

4. കോഴിയിറച്ചി

കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേൾക്കുമ്പോൾ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം. ബ്രോയിലർ കോഴിയല്ല നാടൻ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കോഴിയിറച്ചിയിൽ ധാരാളം പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികൾക്കു നല്ലതാണ്. ശക്തി വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികൾക്കും ഇതു നല്ലതു തന്നെ.

ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തിൽ തീർച്ചയായും കോഴിയിറച്ചിയും പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയിൽ ഇതു പതിവായി കഴിച്ചാൽ ശരീരഭാരം കുറയും എന്നതും തീർച്ച. പ്രോട്ടീൻ കൂടാതെ കാൽസ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ധാതുക്കൾ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു.

പനിയോ ജലദോഷമോ ഉള്ളപ്പോൾ ചിക്കൻസൂപ്പ് കഴിക്കുന്നത് നല്ലതാണെന്നു പറയാറില്ലേ. രോഗപ്രതിരോധശക്തിയേകാൻ സഹായിക്കുന്നതിനാലാണിത്.

സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാർ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോൺ നിലയെ നിയന്ത്രിക്കാനും ബീജോൽപ്പാദനം വർധിപ്പിക്കാനും സഹായകമാണ്.

കോഴിയിറച്ചിയിൽ ജീവകം ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം തടയാൻ ഇതു സഹായിക്കും. ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളിലൊന്നായ ഹോമോസിസ്റ്റീനിന്റെ അളവ് കുറയ്ക്കാൻ ജീവകം ആ6 സഹായിക്കും. ഹൃദ്രോഗ കാരണമായ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നിയാസിൻ കോഴിയിറച്ചിയിൽ ധാരാളമുണ്ട്.

കോഴിയിറച്ചിയിൽ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റിൽ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലിൽ 2 ഗ്രാമും. എന്നാൽ ബ്രോയ്ലർ കോഴിയും കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല. നാടൻ കോഴിയിറച്ചിയാണ് ആരോഗ്യകരം.

fish

5. മത്സ്യം

പോഷകഗുണത്തിന്റെ കാര്യത്തിൽ ചില മത്സ്യങ്ങൾക്ക് മറ്റുള്ളവയേക്കാൾ കൂടുതൽ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന് കൊഴുപ്പു കൂടുതൽ അടങ്ങിയ മത്സ്യങ്ങൾ. മത്തി, അയല, കൊഴുവ, ചൂര, ട്രൗട്ട്, സാൽമൺ എന്നിവയൊക്കെ ഇക്കൂട്ടത്തിൽ പെടുന്നു. അലിയുന്ന വിറ്റാമിൻ ഡി, അപൂരിത കൊഴുപ്പുകളായ ഒമേഗ3 ഫാറ്റിആസിഡുകൾ എന്നിവ ഇത്തരം കൊഴുപ്പേറിയ മത്സ്യങ്ങളിൽ സമൃദ്ധമാണ്. അതിനാൽ ഇവയ്ക്ക് ഔഷധമൂല്യവും കൂടുതലാണ്.

കാൽസ്യം, അയഡിൻ, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം, സ്‌ട്രോൺഷ്യം എന്നിവയുടെയും വിറ്റാമിൻ എ, ഡി, ബി കോംപ്ലക്സ് എന്നിവയുടെയും സാന്നിധ്യം മത്സ്യത്തെ മികച്ച ഭക്ഷണമാക്കുന്നു. ചെമ്മീൻ, ഞണ്ട്, സാൽമൺ മത്സ്യം എന്നിവയിൽ ധാരാളമുള്ള അസ്റ്റാക്സാന്തിനുകൾ, ഓക്സീകരണം വഴി ശരീരത്തിനുണ്ടാകുന്ന കേടുപാടുകൾ ചെറുക്കുകയും പരിഹരിക്കുകയും ചെയ്യുന്നു.

കടൽ മത്സ്യങ്ങളിൽ പൊതുവായും കക്ക, ചിപ്പി പോലുള്ളവയിൽ പ്രത്യേകിച്ചും കാണപ്പെടുന്ന ഒരു അമിനോആസിഡ് ആയ ടൗറിൻ കണ്ണിന്റെയും നാഡീഞരമ്പുകളുടെയും ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വളർച്ചക്കും അത്യാവശ്യമാണ്. ശിശുക്കൾക്കുവേണ്ടിയുള്ള സമീകൃതാഹാരങ്ങളിൽ ടൗറിൻ ഒരു പ്രധാന ഘടകമാകുന്നത് അതുകൊണ്ടാണ്.

കലോറിയും ലവണാംശവും കുറഞ്ഞ പോഷകാഹാരമാണ് മത്സ്യം. അതേസമയം, പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും സൂക്ഷ്മപോഷകങ്ങളും സമൃദ്ധം. എളുപ്പം ദഹിക്കുകയും ചെയ്യും. സോഡിയം പോലുള്ള ലവണങ്ങൾ തീരെ കുറവായതുകൊണ്ട് രക്തസമ്മർദം കൂടിയവർക്കും ഹൃദ്രോഗികൾക്കും പേടികൂടാതെ കഴിക്കാം.

nuts

6. പയറു വർഗങ്ങളും നട്‌സും

പയർ, ധാന്യങ്ങൾ, അണ്ടി വർഗ്ഗങ്ങൾ തുടങ്ങിയവയൊക്കെ മുളപ്പിച്ച് ഉപയോഗിക്കാവുന്നവയാണ്. ഏറെ പ്രോട്ടീനും പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുന്നത് വഴി അവയിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളും ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. ദഹനത്തിന് പ്രശ്നമുണ്ടാക്കുന്ന ഫൈലേറ്റ്സ് പോലുള്ള ഘടകങ്ങളുടെ ദോഷം കുറയ്ക്കാൻ മുളപ്പിച്ചവ സഹായിക്കും. ഇവ സങ്കീർണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യും. വെള്ളത്തിൽ മുക്കിവെച്ച് ധാന്യങ്ങളും, പയറുവർഗ്ഗങ്ങളുമൊക്കെ മുളപ്പിക്കാവുന്നതാണ്. ബദാം പോലുള്ളവ മുളപ്പിക്കുന്നത് വഴി അവയിൽ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങളെ പുറത്തെടുക്കാനാവും.

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ലൈപേസ് എന്ന ഘടകം മുളപ്പിച്ച ബദാമിലുണ്ട്. ആൽഫാൽഫ, മുള്ളങ്കി, കോളിഫ്ളവർ, സോയബീൻ തുടങ്ങിയവയിലൊക്കെ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യത്തെ ചെറുക്കുന്ന ആന്റി ഓക്സിഡന്റുകളും ഇവയിലടങ്ങിയിട്ടുണ്ട്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ കൂടുതൽ ഊർജ്ജം ലഭിക്കുന്നതിനുള്ള മാർഗ്ഗമാണ് മുളപ്പിച്ച ധാന്യങ്ങളും, പയർ വർഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയർ, കടല, വെള്ളക്കടല, വൻപയർ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. മുളപ്പിച്ച അൽഫാൽഫയിൽ മാംഗനീസ്, വിറ്റാമിൻ എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.