ന്യൂഡൽഹി: 17ാം ലോക്‌സഭയിൽ രണ്ടാം മോദി സർക്കാരിന്റെ ആദ്യത്തെ ബില്ലായി മുത്തലാഖ് നിരോധന ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. 74ന് എതിരെ 186 വോട്ടുകൾക്കാണ് അവതരണാനുമതി നേടിയത്. മുത്തലാഖ് ക്രിമിനൽ കുറ്റമാകുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ മുത്തലാഖ് ബിൽ ലോക്സഭ പാസാക്കിയിരുന്നു. എന്നാൽ രാജ്യസഭയിൽ ബിൽ പാസാക്കിയിരുന്നില്ല.
മൂന്ന് തലാഖ് ചൊല്ലി വിവാഹം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. മുത്താലാഖും, നിഖാഹ് ഹലാലയും സാമൂഹ്യ വിപത്താണെന്ന് ഇന്നലെ നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് 22 ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നായിരുന്നു ബിൽ കൊണ്ടുവന്നത്.
അതേസമയം, പതിനാറാം ലോക്സഭയേക്കാൾ കൂടുതൽ അംഗങ്ങളുമായി ബി.ജെ.പി കരുത്തരായ ലോക്സഭയിൽ മുത്തലാഖ് നിരോധനബില്ല് പാസാവുമെങ്കിലും രാജ്യസഭയുടെ അംഗീകാരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും. പ്രതിപക്ഷം യോജിച്ച് എതിർത്താൽ രാജ്യസഭയിൽ മുത്തലാഖ് ബില്ല് പാസാക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.