ന്യൂഡൽഹി: ശശി തരൂർ എം.പി ഏതാനും യുവതികളോടൊപ്പം നിൽക്കുന്ന ചിത്രം കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. 'പാക് താരങ്ങളുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ' എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്. ചിത്രം പുറത്ത് വന്നതിനെ തുടർന്ന് നിരവധി പേർ തരൂരിനെതിരെ തെറിവിളികളും പരിഹാസങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ചിത്രം തെറ്റായി വ്യാഖ്യാനിക്കുകയാണിവർ എന്നാണു പുറത്തു വന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാൻ പോയതിനെ തുടർന്ന് ലോക്സഭയിൽ സത്യപ്രതിജ്ഞയ്‌ക്കെത്താൻ തരൂരിനായില്ല. ഇതിനെ തുടർന്ന് ഒരു ദിവസം വൈകിയാണ് ശശി തരൂർ എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ വ്യാപകമായി വിമർശനവും ഉയർന്നിരുന്നു. ഈ സമയത്താണ് ചിത്രം പുറത്തുവരുന്നതും തരൂർ സോഷ്യൽ മീഡിയയുടെ പരിഹാസത്തിന് പാത്രമാകുന്നതും.
2018 ഫെബ്രുവരി 19ന് ശശി തരൂർ ട്വീറ്റ് ചെയ്ത ചിത്രമാണ് ഏതാനും ചിലർ വീണ്ടും കുത്തിപൊക്കിയത്. തരൂർ പങ്കെടുത്ത ഇൻഡോറിലെ ബിസിനസ് സംരംഭക സംഘടനയുടെ ഒരു സമ്മേളനത്തിൽ വച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ചിത്രത്തിലുള്ളത് സമ്മേളനത്തിനെത്തിയ ഏതാനും സ്ത്രീ സംരംഭകരും മറ്റുമാണ്. മൂന്നു മണിക്കൂർ നേരത്തോളം കൂടിക്കാഴ്ച നീണ്ടുവെന്നും നിർഭാഗ്യവശാൽ പുരുഷ സംരംഭകരാണ് തന്നോട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചതെന്നും ശശി തരൂർ ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്.
With the women of Indore's Entrepreneurs' Organisation after a three-hour interaction tonight. (But the men asked most of the questions.) pic.twitter.com/4cJB5QoOtl
— Shashi Tharoor (@ShashiTharoor) February 18, 2018