''ചന്ദ്രകലേ.."
അലറിക്കൊണ്ട് പ്രജീഷ് കിടക്കയിൽ നിന്നു ചാടിയെഴുന്നേറ്റു.
മുറിയിലെ ലൈറ്റു തെളിച്ചു.
അപസ്മാര രോഗിയെപ്പോലെ പല്ലുകൾ കോർത്തു പിടിച്ച് വിറകൊള്ളുകയാണ് ചന്ദ്രകല.
''കലേ... നിനക്കെന്തു പറ്റി?"
അയാൾ അവളെ കൈകളിൽ കോരിയെടുത്ത് ബഡ്ഡിൽ കിടത്തി.
ചന്ദ്രകലയുടെ കൃഷ്ണമണികൾ പിന്നോട്ടു മറിയുന്നതു കണ്ടു.
''ഏയ്... കലേ..."
അയാൾ അവളുടെ കവിളിൽ തട്ടി. പിന്നെ മേശപ്പുറത്തിരുന്ന ഗ്ളാസ് ജഗ്ഗ് എടുത്തു.
കൈവെള്ളയിലേക്കു ചരിച്ച് കുറെ വെള്ളം പിടിച്ച് അവളുടെ മുഖത്തേക്കു ശക്തിയായി തെറുപ്പിച്ചു.
ചന്ദ്രകലയുടെ കൺപീലികൾ അതിവേഗം വെട്ടി.
അവൾ പ്രജീഷിനെ തുറിച്ചുനോക്കി.
''കലേ..."
പ്രജീഷ് അവൾക്കു നേരെ കൈനീട്ടി.
''യ്യോ... പ്രേതം..."
ഒറ്റ അലർച്ചയായിരുന്നു ചന്ദ്രകല.. ആ ഒച്ചയിൽ വടക്കേ കോവിലകം കിടുങ്ങി.
ഞെട്ടിത്തരിച്ചു പോയ പ്രജീഷിന്റെ കയ്യിൽ നിന്നു ഗ്ളാസ് ജഗ്ഗ് പിടിവിട്ടു.
അത് തറയിൽ വീണു ചിതറി. കുപ്പിച്ചില്ലുകൾക്കിടയിലൂടെ ജലം പരന്നൊഴുകി....
അതു ശ്രദ്ധിക്കാതെ അയാൾ അവളുടെ ഇരു തോളുകളിലും പിടിച്ചു ശക്തിയായി കുലുക്കി.
''കലേ... എന്താടീ ഇത്?"
ചന്ദ്രകല അയാളെ തുറിച്ചുനോക്കി. പിന്നെ ഭീതി പൂണ്ട അവളുടെ മിഴികൾ മുറിയാകെ വട്ടം കറങ്ങി. അവസാനം നോട്ടം ജനാലച്ചില്ലിൽ ചെന്നു തറഞ്ഞു.
അവിടെ ഒന്നുമില്ല!
''ങ്ഹേ! അതെവിടെപ്പോയി."
ചന്ദ്രകലയുടെ ചുണ്ടനങ്ങി.
''ഏത്?"
അവൾ നോക്കിയിടത്തേക്കു പ്രജീഷും നോക്കി.
ചന്ദ്രകല പതിയെ സാധാരണ രീതിയിലേക്കു മടങ്ങിവന്നു. കിടക്കയിൽ കൈ കുത്തി അവൾ എഴുന്നേറ്റിരുന്നു.
പ്രജീഷും അവൾക്കരുകിൽ ഇരുന്നു.
''നീ എന്താ വല്ല ദുഃസ്വപ്നവും കണ്ടോ?"
''സ്വപ്നമല്ല പ്രജീഷ്.... ഞാൻ നേരിൽ കണ്ടതാ..."
''എന്ത്?"
അവൾ ആ സംഭവം ചുരുക്കിപ്പറഞ്ഞു:
''എനിക്കുറപ്പാ... പാഞ്ചാലിയുടെ പ്രേതം ഇവിടെയൊക്കെത്തന്നെ ഉണ്ട്."
''പ്രജീഷിനു ചിരിവന്നു."
''പ്രേതമോ... ഇക്കാലത്ത് ഇങ്ങനെ പറഞ്ഞാൽ നിനക്ക് ഭ്രാന്താണെന്ന് മറ്റുള്ളവർ പറഞ്ഞു ചിരിക്കും."
അയാൾ അവളെ കളിയാക്കി.
''അല്ല പ്രജീഷ്. ഞാൻ കണ്ടതാ. സത്യം."
അവൾ അതിൽ ഉറച്ചുനിന്നു.
''നിന്റെയൊരു കാര്യം! ഞാൻ ഇന്നുവരെ പ്രേതത്തെ കണ്ടിട്ടില്ല. ഒന്നു കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഒരുപാട് കൊതിച്ചിട്ടുമുണ്ട്. പാഞ്ചാലി എന്റെ മുന്നിൽ ഒന്നു വന്നിരുന്നെങ്കിൽ..."
പ്രജീഷ് എഴുന്നേറ്റ് ജനാലയ്ക്കലേക്കു ചെന്നു.
''ഇവിടെയല്ലേ കണ്ടത്?"
ചോദിച്ചുകൊണ്ട് അയാൾ ജനൽ ഗ്ളാസിലേക്കു സൂക്ഷിച്ചുനോക്കി.
പ്രജീഷിന്റെ നെറ്റിയിൽ പൊടുന്നനെ ചുളിവുകൾ വീണു.
മഞ്ഞു പറ്റിപ്പിടിച്ചിരുന്ന ഗ്ളാസിൽ ആരോ കൈപ്പടങ്ങൾ അമർത്തിയ പാടുകൾ!
ചന്ദ്രകല പറഞ്ഞതിൽ എന്തോ കാര്യമുണ്ടെന്ന് അയാൾ അറിഞ്ഞു.
ഇവിടെ ആരോ നിന്നിരുന്നു.
''പ്രജീഷ്..."
ചന്ദ്രകല വിളിച്ചു.
''അവിടെ വല്ലതും കാണാനുണ്ടോ?"
''ഇല്ല." അയാൾ കള്ളം പറഞ്ഞു.
ശേഷം വേഗം പിൻവാങ്ങി.
തലയിണയ്ക്ക് അരുകിലിരുന്ന ബ്രൈറ്റ് ലൈറ്റ് എടുത്തു.
ഒരു കിലോമീറ്റർ അകലെ വരെയുള്ളത് വ്യക്തമായി കാണുവാൻ സാധിക്കുന്ന പ്രകാശമുണ്ട് ഇതിന്.
''നീ ഇവിടിരിക്ക്. വല്ല കള്ളന്മാരോ മറ്റോ അവിടെ വന്ന് അകത്തേക്കു നോക്കിയോ എന്ന് അറിയണമല്ലോ... ഞാൻ ഒന്നു നോക്കിയിട്ടു വരാം."
അയാൾ പുറത്തേക്കു പോകുവാൻ ഭാവിച്ചു.
''വേണ്ട പ്രജീഷ്. പോകണ്ടാ... എനിക്കു പേടിയാ..."
ചന്ദ്രകല അയാളെ ചുറ്റിപ്പിടിച്ചു. അതോടെ, പുറത്തു പരിശോധിക്കുക എന്ന ഉദ്യമത്തിൽ നിന്ന് പ്രജീഷ് പിന്മാറി...
അടുത്തദിവസം.
അതിരാവിലെ എഴുന്നേറ്റ പ്രജീഷ് വേഗം പോയത് പുറത്തേക്കാണ്. ജനാലയുടെ അരുകിൽ അയാൾ ചെന്നു.
തറയിലേക്കു സൂക്ഷിച്ചുനോക്കി. അവിടെ പടർന്നുകിടന്നിരുന്ന 'തവിഴാമ" ചെടികൾ ചതഞ്ഞ് അമർന്നിരിക്കുന്നതു കണ്ടു.
കഴിഞ്ഞ രാത്രിയിൽ അവിടെ ആരോ നിന്നെന്ന് ഉറപ്പാണ്.
കള്ളനായിരിക്കുമെന്ന് പ്രജീഷിനു തീർച്ചയുണ്ട്.
പാഞ്ചാലിയുടെ മുറിയിൽ നിന്ന് കാര്യമായിട്ടൊന്നും കിട്ടിക്കാണില്ലല്ലോ.. ജനാലയിലൂടെ, തങ്ങൾ ഉറങ്ങിയോ എന്നു നോക്കിയതാണ്. വീണ്ടും മോഷണം നടത്തുവാൻ.
ചിന്തയോടെ പ്രജീഷ് തിരിച്ചു നടന്നു...
പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു.
അറ്റൻഡു ചെയ്ത പ്രജീഷിന്റെ മുഖത്ത് ഒരു നടുക്കം മിന്നി...
(തുടരും)