k-surendran

കൊച്ചി: കാസർകോട്ടെ മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ബി.ജെ.പി നേതാവും മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയുമായിരുന്ന കെ. സുരേന്ദ്രൻ ഹർജി പിൻവലിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ആസന്നമായത്. മഞ്ചേശ്വം എം..എൽ.എ പി.ബി. അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നൽകിയിരുന്ന ഹർജിയാണ് സുരേന്ദ്രൻ പിൻവലിച്ചത്. ഹർജി പിൻവലിക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ കേസിന്റെ ആവശ്യത്തിന് ചിലവായ 42,000 രൂപ കെ. സുരേന്ദ്രൻ അടയ്‌ക്കണമെന്ന് കോടതി ഉത്തരവിട്ടു.

സുരേന്ദ്രൻ ഹർജി പിൻവലിക്കാത്തതിനെ തുടർന്നായിരുന്നു പി.ബി. അബ്ദുറസാഖ് മരിച്ച് ആറുമാസം കഴിഞ്ഞിട്ടും മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാതിരുന്നത്. 87 വോട്ടുകൾക്ക് തന്നെ തോൽപ്പിച്ചത് കള്ളവോട്ടിലൂടെയായിരുന്നുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. കേസിലെ സാക്ഷികളായ മുഴുവൻ ആളുകളെയും ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഹർജി പിൻവലിക്കാൻ സുരേന്ദ്രൻ തീരുമാനിച്ചത്. എന്നാൽ ഇതിന് നിരവധി സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതിനെതുടർന്ന് തീരുമാനം നീണ്ടുപോയി. ഗസറ്റിൽ വിജ്ഞാപനം ചെയ്യാതെ ഹർജി പിൻവലിക്കാൻ കഴിയാതെ വന്നതോടെ നടപടി ക്രമങ്ങൾ നീണ്ടുപോയി. ഒടുവിൽ ജസ്റ്റിസ് സുനിൽ തോമസ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.

ഹൈക്കോടതി നടപടികൾ ഉടൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഹർജി പിൻവലിച്ചതിനാൽ പാല അടക്കമുള്ള മണ്ഡലങ്ങൾക്കൊപ്പം മഞ്ചേശ്വരത്തും ഉപതിരഞ്ഞെടുപ്പ് നടക്കും. വട്ടിയൂർക്കാവ്, എറണാകുളം, അരൂർ, കോന്നി എന്നിവിടങ്ങളാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങൾ.