തിരുവനന്തപുരം: സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ദേശീയപാതകളുടെ നിർമ്മാണത്തെ പലപ്പോഴും പ്രതികൂലമായി ബാധിക്കുമ്പോൾ കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത ഗതാഗത യോഗ്യമാക്കാൻ സംസ്ഥാന സർക്കാർ ഊർജിത ശ്രമം തുടങ്ങി. കൊല്ലം മുതൽ തൃശൂർ ചേറ്രുവ വരെയുള്ള ഭാഗം കേന്ദ്ര സർക്കാർ ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. 2020 മെയ് മാസത്തോടെ സംസ്ഥാനത്തെ ശേഷിക്കുന്ന പ്രദേശത്തെ ജലപാത ഗതാഗത യോഗ്യമാക്കാനാണ് ശ്രമം. 2300 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മുമ്പ് വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പണി പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നിരുന്നില്ല.
അതേസമയം, വടക്കൻ കേരളത്തിൽ മാഹി മുതൽ അഞ്ചരക്കണ്ടി വരെയുള്ള പ്രദേശങ്ങളെ ജലഗതാഗത യോഗ്യമാക്കുകയാണ് സർക്കാരിന്റെ മുന്നിലുള്ള ഏറ്രവും വലിയ വെല്ലുവിളി. നാല്പത് വർഷത്തിലേറെയായി വടകര- മാഹി കനാൽ നിർമ്മാണത്തിന് സ്ഥലമേറ്രെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. ഇവിടെ കുറേസ്ഥലം ജലപാതയില്ലാതെ മുറിഞ്ഞ് കിടക്കുകയാണ്. മാഹി-വളപട്ടണം, അഞ്ചരക്കണ്ടി മേഖലകളിലായി 425 ഏക്കർ ഭൂമിയാണ് ഏറ്രെടുക്കേണ്ടത്. ഇതുപോലെ അഴിക്കൽ -ബേക്കൽ മേഖലയിലും ഏഴ് കിലോമീറ്രറോളം ജലപാത മുറിഞ്ഞുപോയിട്ടുണ്ട്. എന്നാൽ ഇവിടത്തെ ഭൂമിയേറ്രെടുക്കലിന് കാലതാമസം എടുക്കുമെന്നതിനാൽ കോവളം -ബേക്കൽ എന്നതിന് പകരം കോവളം മുതൽ മാഹിവരെ ജലപാത പണിയാനാണ് നിർദ്ദേശം.
തിരുവനന്തപുരത്ത് വർക്കലയിലെ ടണലുകളിലും തടസമുണ്ട്. അത് വലുതാക്കാനും നീക്കമുണ്ട്. അതുവരെ ടണലിലൂടെ പോകുന്ന ബോട്ടുകൾ ഉപയോഗിച്ച് ഗതാഗതം നടത്താനും ആലോചിക്കുന്നുണ്ടത്രേ. കോവളം പാതയിൽ പെരുനെല്ലിയിലും വള്ളക്കടവിലും പാലങ്ങൾ പണിയേണ്ടി വരും. കോവളം- ആക്കുളം ഭാഗത്തെ ശുചീകരണവും നടക്കുന്നുണ്ട്. കേരള വാട്ടർ വേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്രഡ് എന്ന കമ്പനിക്കാണ് ജലപാതയുടെ നിർമ്മാണ ചുമതല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും സിയാലിനും ഇതിൽ ഓഹരികളുണ്ട്.
633 കിലോമീറ്റർ നീളത്തിൽ
കോവളം മുതൽ ബേക്കൽവരെ ജലപാതയുടെ നീളം 633 കിലോമീറ്രറാണ്. ഇതിൽ കോവളം മുതൽ ആക്കുളം വരെയും കൊല്ലം മുതൽ ചേറ്റുവ വരെയും ബോട്ടുകളുപയോഗിച്ച് ട്രയൽ റൺ നടത്തിക്കഴിഞ്ഞു. ഇനി ചേറ്റുവ , കോട്ടപ്പുറം മുതൽ മാഹിവരെ ഗതാഗത യോഗ്യമാക്കണം.
മെച്ചം ജലപാത
ജലപാത പരിസ്ഥിതി സൗഹൃദവും ചരക്ക് ഗതാഗതത്തിന് ഉൾപ്പെടെ ചെലവ് കുറവുമാണ്. മറ്ര് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ട്രാൻസ്പോർട്ടേഷന് വേണ്ടിയാണ് ഉത്പാദന ചെലവിന്റെ 18 ശതമാനം വേണ്ടിവരുന്നത്. പെട്രോളിയം ഉത്പന്നങ്ങൾവരെ ജലപാതയിലൂടെയാക്കിയാൽ ചെലവ് കുറയുമെന്നാണ് കണക്കുകൂട്ടൽ. സംസ്ഥാനത്തും റോഡിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും ജലപാതയിലേക്ക് മാറ്രിയാൽ അത്രയും ചെലവ് കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും കഴിയും.