ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിന്റെ പേര് 'ബന്ദർ' എന്നായിരുന്നു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥർ. ഇന്ത്യ ടുഡേ ചാനലിനോടാണ് ഉദ്യോഗസ്ഥർ ഈ വെളിപ്പെടുത്തൽ നടത്തിയത്. 'ബന്ദർ' എന്നാൽ കുരങ്ങൻ എന്നാണ് അർത്ഥം. ഓപ്പറേഷന്റെ രഹസ്യസ്വഭാവം നിലനിർത്താൻ വേണ്ടിയാണ് ഈ പേര് നൽകിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയുടെ യുദ്ധ പാരമ്പര്യം ഓർമിച്ചുകൊണ്ട്, രാമ-രാവണ യുദ്ധത്തിന്റെ ഭാഗമായ ഹനുമാന്റെ പേരാണ് സേന ഓപ്പറേഷന് നൽകിയത്.ഫെബ്രുവരി 26നാണ് ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേനാ ആക്രമണം നടത്തുന്നത്. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖ മറികടന്നാണ് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ആക്രമണം നടത്തിയത്.
ഫെബ്രുവരി 14ന് പുൽവാമയിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിന് പ്രതികരണമെന്നോണമാണ് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുന്നത്. പുൽവാമയിൽ നടന്ന ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഫെബ്രുവരി 26ന് പുലർച്ചെയാണ് ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യം വച്ച് ഇന്ത്യ വ്യോമാക്രമണം നടത്തുന്നത്. മിറാഷ് 2000 വിമാനങ്ങളാണ് ഇന്ത്യ ഇതിനായി ഉപയോഗിച്ചത്.
ഈ ആക്രമണത്തിന് പകരമായി പാകിസ്ഥാൻ പ്രത്യാക്രമണം നടത്താൻ തുനിഞ്ഞു. എന്നാൽ ഇന്ത്യ പാകിസ്ഥാന്റെ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. എന്നാൽ ആക്രമണത്തിനിടെ ഇന്ത്യയുടെ മിഗ് 21 വിമാനം പാകിസ്ഥാൻ വെടിവച്ചിട്ടു. ഇതിനോടൊപ്പം വിമാനത്തിന്റെ പൈലറ്റായ അഭിനന്ദൻ വർത്തമാനേയും പാകിസ്ഥാൻ പിടികൂടി. എന്നാൽ ഇദ്ദേഹത്തെ പിന്നീടവർ വിട്ടയച്ചു.