ചെന്നൈ: കനത്ത വരൾച്ച നേരിടുന്ന തമിഴ്‌നാട് , 20 ലക്ഷം ലിറ്റർ വെള്ളം നൽകാമെന്ന കേരളത്തിന്റെ വാഗ്ദാനം സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.
'ഞങ്ങൾ കേരളത്തിൽ നിന്ന് വെള്ളം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് നന്ദി. ഒരു ദിവസം രണ്ട് മില്യൺ ലിറ്റർ വെള്ളം നൽകുകയെന്നത് വലിയ കാര്യമാണ്. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ടും സഹകരിക്കണം. ഡാമുമായി ബന്ധപ്പെട്ട് കേരളാ സർക്കാർ മുടന്തൻ ന്യായങ്ങളാണ് പറയുന്നത്. തമിഴ്‌നാടിനെ സംബന്ധിച്ച് ഓരോ തുള്ളി വെള്ളവും അമൂല്യമാണ്. ഇവിടെ കനത്ത വരൾച്ചയാണ്'-എടപ്പാടി പളനിസ്വാമി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് പിണറായി വിജയൻ 20 ലക്ഷം ലിറ്റർ വെള്ളം ട്രെയിൻമാർഗം നൽകാമെന്ന് അറിയിച്ചപ്പോൾ ഇപ്പോൾ സഹായം വേണ്ട എന്നായിരുന്നു തമിഴ്‌നാട് സർക്കാർ കൈക്കൊണ്ട നിലപാട്.
അതേസമയം പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് സർക്കാരിനോട് കേരളത്തിന്റെ വാഗ്ദാനത്തെ സ്വീകരിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ സഹായം സ്വീകരിക്കാത്തതിൽ ജനങ്ങളും രോക്ഷാകുലരായിരുന്നു.