കണ്ണൂരിലെ ആന്തൂർ നഗരസഭയിൽ കൺവൻഷൻ സെന്ററിന് ലൈസൻസ് ലഭിക്കാത്തതിനാൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തത് നന്നായി. എന്നാൽ ഇത്തരം ഒരു വിഷയത്തിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഒരു പങ്കുമില്ലേ?ഉദ്യോഗസ്ഥർ കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾക്ക് കൈയൊപ്പ് ചാർത്താൻ മാത്രമാണോ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. ഉദ്യോഗസ്ഥർ തെറ്റു ചെയ്യുകയോ വീഴ്ചവരുത്തുകയോ ചെയ്താൽ അത് തിരുത്തേണ്ടത് ജനപ്രതിനിധികളാണ്. ഈ വിഷയത്തിൽ നഗരസഭാ അദ്ധ്യക്ഷയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. എന്നിട്ടും മന്ത്രിയും അവരുടെ പാർട്ടി നേതാക്കളും കുറ്റമെല്ലാം ഉദ്യോഗസ്ഥരുടെ തലയിൽ വെച്ച് നഗരസഭാദ്ധ്യക്ഷയെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. കഷ്ടമെന്നല്ലാതെ എന്തു പറയാൻ.
ചാനലിൽ ഇരുന്ന് ഒരു പാർട്ടി എം.എൽ.എ പറയുന്നത് കേട്ടു 'ഉദ്യോഗസ്ഥൻമാരുടെ അപ്രമാദിത്വമാണെന്നും അങ്ങനെയായതിനാൽ താനുൾപ്പെടെയുള്ളവർ സെയ്ഫർ സോണിൽ നിന്നേ കളിക്കുകയുള്ളുവെന്നും". സി.പി.എം എന്ന പാർട്ടിയുടെ പ്രതിനിധിയാണ് ഇങ്ങനെ പറഞ്ഞത്. ഇരുപതിൽ 19 സീറ്റിലും എൽ.ഡി.എഫ് തോറ്റത് പഠിക്കുമെന്നു പറയുന്നവർ കൂടുതൽ അന്വേഷണം നടത്തുകയൊന്നും വേണ്ട. ഇത്തരം ധാർഷ്ട്യക്കാരെ നിലയ്ക്കു നിറുത്തുകയാണ് വേണ്ടത്. സി.പി.എമ്മിനെ ഇങ്ങനെ തകർക്കരുത്. ഇപ്പോഴും ജനലക്ഷങ്ങൾ വിശ്വസിക്കുന്ന പാർട്ടിയാണ്. പാർട്ടിയാണ് പ്രധാനമെങ്കിൽ നഗരസഭാ അദ്ധ്യക്ഷയെ തൽസ്ഥാനത്ത് നിന്ന് നീക്കി മറ്റുള്ളവർക്ക് മാതൃക കാട്ടണം.
വിശ്വനാഥൻ
തിരുവനന്തപുരം