കോട്ടയം: സുഹൃത്തുക്കൾക്കൊപ്പം നീലിമംഗലം റെയിൽവേ പാലത്തിലൂടെ നടക്കവേ പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽ നിന്ന് രക്ഷപ്പെടാൻ ആറ്റിലേക്ക് ചാടിയ തെങ്ങുകയറ്റ തൊഴിലാളി മുങ്ങി മരിച്ചു. ഏറ്റുമാനൂർ വയല വള്ളിക്കാട്ട് സാബുവാണ് (40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇടുക്കി പടമുഖം മുകളേൽ ഷിന്റോ (36), വള്ളിക്കാട്ട് കിഴക്കതിൽ ആന്റണി (40) എന്നിവർ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു.
തെങ്ങുകയറ്റ തൊഴിലാളികളായ ഇവർ കോട്ടയം നീലിമംഗലം ഭാഗത്തെ വീടുകളിൽ ജോലി തേടി നടക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം. റെയിൽവേ പാലത്തിന്റെ മദ്ധ്യഭാഗത്തെത്തിയപ്പോൾ വിശാഖപട്ടണം-കൊല്ലം ട്രെയിൻ പാഞ്ഞെത്തുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ഷിന്റോയും ആന്റണിയും ശബ്ദം കേട്ട് ഒച്ചവച്ച് ഓടി പാലം കടന്നു. തോളിൽ തേങ്ങ തൂക്കിയിരുന്ന സാബുവിന് മറുകരയെത്താനായില്ല. ഇതിനിടെ താഴേക്ക് ചാടിയ സാബു ചേറിൽ പുതഞ്ഞ് പോവുകയായിരുന്നു. ട്രെയിൻ പോയിക്കഴിഞ്ഞ് ഷിന്റോയും ആന്റണിയും ഇവർക്കൊപ്പമുണ്ടായിരുന്ന വിനീതും പരിസരത്തെ കുറ്റിക്കാട്ടിൽ തെരഞ്ഞെങ്കിലും തേങ്ങ നിറച്ച സഞ്ചി മാത്രമേ ലഭിച്ചുള്ളൂ. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിൽ 1.50ഓടെ പാലത്തിന്റെ ചുവട്ടിൽ നിന്ന് സാബുവിന്റെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.