medical-college

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വരാന്തയിൽ കിടത്തിയിരുന്ന തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹത്തിൽ നിന്നും സ്വർണ്ണ മാല മോഷ്ടിച്ച സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി മെഡിക്കൽ കോളേജ് സൂപ്രണ്ടും മെഡിക്കൽ കോളേജ് സി ഐയും റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ജൂൺ 20 നാണ് തമിഴ്നാട് സ്വദേശിനി രാധയെ ചികിത്സക്ക് എത്തിച്ചത്. വിദഗ്ദ്ധ ചികിത്സക്കായി പിന്നീട് മൂന്നാം വാർഡിലേക്ക് മാറ്റി. ഇവിടെ വച്ചാണ് രോഗി മരിച്ചത്. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം മൂന്നാം വാർഡിലെ വരാന്തയിൽ കിടത്തിയിരിക്കുമ്പോഴാണ് മൃതദേഹത്തിൽ നിന്നും മാല മോഷ്ടിക്കപ്പെട്ടത്.

മൃതദേഹത്തിന്റെ കഴുത്തിൽ കിടന്ന മാല മോഷ്ടിച്ചത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ആശുപത്രിക്കുള്ളിൽ നിന്നും പണവും മൊബൈൽഫോണും മോഷണം പോകാറുണ്ടെന്ന് പരാതിയിൽ പറയുന്നു. ആശുപത്രി പരിസരത്ത് നിന്ന് വാഹനങ്ങളും മോഷണം പോകാറുണ്ട്.