ന്യൂഡൽഹി: കേരളത്തിൽ വീണ്ടുമെത്തിയ നിപ്പ വെെറസിന്റെ ഉറവിടം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ ലോക്‌സഭയിൽ വ്യക്തമാക്കി. നിപ്പ വെെറസ് സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന് അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിൽ ആരോഗ്യമന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് വിദ്യാർത്ഥിക്ക് നിപ്പ സ്ഥിരീകരിച്ചതോടെ ഉറവിടം തേടി കേന്ദ്ര വൈറോളജി വിഭാഗം തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ വവ്വാലുകളെ പിടികൂടിയാണ് പരിശോധന നടത്തിയിരുന്നത്. വിദ്യാർത്ഥി താമസിച്ചിരുന്ന സ്ഥലത്തും കോളേജിന് പരിസരത്തുമാണ് കേന്ദ്ര വെെറോളജി വിദഗ്ദർ പരിശോധന നടത്തിയത്. വവ്വാൽ ആവാസ സ്ഥലങ്ങളിലെ സാമ്പിളുകൾ ശേഖരിച്ചിരുന്നു.
പൂനെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വിദഗ്ധരെത്തിയായിരുന്നു പരിശോധന നടത്തിയത്. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വവ്വാലുകളിൽ നിന്ന് ശേഖരിച്ച 36 സാമ്പിളുകളിൽ 12 എണ്ണത്തിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ജൂൺ ആദ്യവാരമാണ് എറണാകുളം ജില്ലയിൽ നിന്ന് ഒരു വൈറസ് ബാധ റിപ്പോർട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്.
വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണ വിധേയമാക്കി. എന്നാൽ ഒരാളിൽപോലും വൈറസ് ബാധ കണ്ടെത്താനായില്ലെന്നും മന്ത്രി വ്യക്തമാക്കി. 50 പേരിൽ നിപ്പ സംശയിച്ചിരുന്നെങ്കിലും അവർക്ക് നിപ്പ വെെറസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു