പവൻ വില ഇന്നലെ ₹25,440 വരെ ഉയർന്നു
കൊച്ചി: ആഭരണ പ്രേമികളെ ആശങ്കയിലാഴ്‌ത്തി സംസ്ഥാനത്ത് സ്വർണവില ഇന്നലെ സർവകാല റെക്കാഡ് ഉയരത്തിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ പവൻ വില 320 രൂപ വർദ്ധിച്ച് 25,440 രൂപയിലും ഗ്രാം വില 40 രൂപ ഉയർന്ന് 3,140 രൂപയിലും എത്തിയിരുന്നു. എന്നാൽ, ഉച്ചയ്ക്ക് ശേഷം വില പവന് 25,200 രൂപയിലേക്കും ഗ്രാമിന് 3,150 രൂപയിലേക്കും താഴ്‌ന്നു. ഇതും റെക്കാഡാണ്. കഴിഞ്ഞ ഫെബ്രുവരി 20ന് കുറിച്ച റെക്കാഡാണ് പഴങ്കഥയായത്. അന്ന്, പവന് 25,160 രൂപയും ഗ്രാമിന് 3,145 രൂപയുമായിരുന്നു വില.
ആഗോള ചലനങ്ങളുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുതിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടുത്തമാസം ചേരുന്ന ധനനയ നിർണയ യോഗത്തിൽ പലിശനിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. പലിശ കുറയുന്നത് അമേരിക്കൻ ബോണ്ട് യീൽഡ് (കടപ്പത്രത്തിൽ നിന്നുള്ള റിട്ടേൺ) താഴാനിടയാക്കും. ഡോളറിന്റെ അപ്രമാദിത്തവും മങ്ങും. ഓഹരി വിപണികൾക്കും തിരിച്ചടിയുണ്ടാകും. ഇതുമൂലം, നിക്ഷേപകലോകം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പണമൊഴുക്കുന്നതാണ് വില കുതിക്കാൻ കാരണം.
അന്താരാഷ്‌ട്ര സ്വർണവില ഇന്നലെ ട്രോയ് ഔൺസിന് 1,382 ഡോളറിൽ നിന്ന് ആറുവർഷത്തെ ഉയരമായ 1,406 ഡോളർ വരെ എത്തിയ സാഹചര്യത്തിലാണ് കേരളത്തിൽ വില 25,440 രൂപയിലേക്ക് ഉയർന്നത്. അന്താരാഷ്‌ട്ര വില പിന്നീട് 1,396.74 ഡോളറിലേക്ക് താഴ്‌ന്നതോടെ, കേരളത്തിലും വില അല്‌പം കുറഞ്ഞു. നിലവിലെ ട്രെൻഡ് അനുസരിച്ച് അന്താരാഷ്‌ട്ര വില 1,430-1,450 ഡോളർ വരെ കൂടിയേക്കുമെന്നാണ് വിലയിരുത്തൽ. അതിന്റെ ചുവടുപിടിച്ച് കേരളത്തിലും വില വർദ്ധിക്കും. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ ഇന്നലെ പത്തു ഗ്രാമിന് 186 രൂപ വർദ്ധിച്ച് വില 34,212 രൂപയായി.
വില്‌പന മങ്ങുന്നു
വിലക്കുതിപ്പ് മൂലം വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡിന് മങ്ങലേറ്റിറ്റുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പവൻവില 25,200 രൂപയാണെങ്കിലും നികുതിയും പണിക്കൂലിയും ചേരുമ്പോൾ ഉപഭോക്താവ് കുറഞ്ഞത് 28,000 രൂപ മുടക്കേണ്ടി വരും. സ്വർണം വൻതോതിൽ വാങ്ങുന്ന വിവാഹ പാർട്ടികൾക്കിത് വലിയ ബാദ്ധ്യതയാകുന്നതും വില്‌പനയെ ബാധിക്കുന്നു. പലരും അത്യാവശ്യ പർച്ചേസുകൾ മാത്രമാണ് നടത്തുന്നതെന്നും വ്യാപാരികൾ പറയുന്നു.