high-court

കൊച്ചി : പ്രവാസി വ്യവസായിയുടെ ആത്മഹത്യ വിവിധ പദ്ധതികളിൽ പണം മുടക്കുന്നവർ നേരിടുന്ന പ്രതിസന്ധികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ സ്വകാര്യ മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കു പോലും ഭീഷണിയാണെന്നും ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിൽ പറയുന്നു.

15 കോടി രൂപ ചിലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ ലൈസൻസ് നൽകാത്തതിനാലാണ് സാജൻ ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചിട്ടുണ്ടെന്ന് ഹർജിയിൽ

പറയുന്നു. അംഗീകൃത പ്ളാനിൽ നിന്ന് വ്യതിചലിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്നും അല്ലെന്നും വാദങ്ങളുണ്ടെങ്കിലും നഗരസഭ മനഃപൂർവം ലൈസൻസ് വൈകിച്ചെന്ന് കരുതാൻ കാരണങ്ങളുണ്ട്. ലൈസൻസ് വൈകിയത് സാങ്കേതിക കാരണങ്ങളാലാണെന്നും ഇതു വേഗം നൽകാൻ നടപടിയെടുത്തെന്നും നഗരസഭാ ചെയർപേഴ്സൺ വ്യക്തമാക്കിയിട്ടുണ്ട്. സാജൻ സർട്ടിഫിക്കറ്റിനായി രാഷ്ട്രീയ നേതൃത്വത്തെ സമീപിച്ചത് നഗരസഭയുടെ നിയന്ത്രണം കൈയാളുന്നവർക്ക് രുചിക്കാത്തതിനാലാണ് ലൈസൻസ് നിഷേധിച്ചതെന്ന് മാദ്ധ്യമങ്ങൾ പറയുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

പത്ര റിപ്പോർട്ടുകളുടെ പകർപ്പ് ഉൾപ്പെടുത്തി തയ്യാറാക്കിയ കുറിപ്പ് രജിസ്ട്രാർ ജനറൽ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. തുടർന്നാണ് ഇത് ഹർജിയായി പരിഗണിക്കാൻ തീരുമാനിച്ചത്.

നിക്ഷേപ സൗഹൃദ സംസ്ഥാനം ലക്ഷ്യമെന്ന് സർക്കാർ

നിക്ഷേപകർക്കുള്ള വിവിധ അനുമതികൾക്കായി ഏകജാലക സംവിധാനം ഏർപ്പെടുത്തിയത് ഉൾപ്പെടെ കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും സർക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോർണി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ വ്യാജ പരാതികളും അനാവശ്യ നിയമ നടപടികളുമായി ചിലർ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ബ്ളാക്ക്മെയിൽ ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാരുടെ ശല്യം ഭയന്ന് ഉദ്യോഗസ്ഥരിൽ ചിലർക്ക് നടപടിയെടുക്കാൻ ഭയമുണ്ട്.വിവിധ കേന്ദ്ര സംസ്ഥാന വകുപ്പുകളുടെയും ട്രൈബ്യൂണലുകളുടെയും ഉത്തരവുകളും പരിശോധിക്കേണ്ടി വരുന്നുണ്ട്. - സർക്കാർ വിശദീകരിച്ചു.

എല്ലാവരും സുരക്ഷിതരായി നിൽക്കാൻ തീരുമാനിച്ചാൽ തീരുമാനമെടുക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു.