വാഷിംഗ്ടൺ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക നടപടി, മണിക്കൂറുകൾക്ക് മുമ്പ് അമേരിക്ക റദ്ദാക്കിയതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിനു സമീപം ആകാശാതിർത്തി ലംഘിച്ച യു.എസ് ചാരവിമാനം ഇറാൻ വെടിവച്ചിട്ടതിനു പ്രതികാരമായിട്ടാണ് ഇറാനെതിരെ അമേരിക്ക സൈനികനീക്കത്തിനൊരുങ്ങിയത്. ചാരവിമാനം തകർക്കപ്പെട്ടതിന് തൊട്ടുപിന്നാലെ, ഇറാന്റെ റഡാർ, മിസൈൽ യൂണിറ്റുകൾ തുടങ്ങിയവ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ട്രംപ് അനുമതി നൽകിയിരുന്നെന്നും എന്നാൽ, അവസാനനിമിഷം ട്രംപ് തീരുമാനത്തിൽനിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് രാജ്യാന്തരമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രിയാണ് ആക്രമണത്തിന് അമേരിക്ക പദ്ധതിയിട്ടിരുന്നതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ സാധാരണജനങ്ങൾക്കും സൈന്യത്തിനും ഏൽക്കുന്ന ആഘാതം കുറയ്ക്കാനായാണ് രാത്രിയിൽ ആക്രമണം നടത്താൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വൈറ്റ് ഹൗസിൽ നടന്ന അവസാനവട്ട ചർച്ചയ്ക്കിടെയാണ് ആക്രമിക്കാനുള്ള തീരുമാനം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാനെതിരെയുള്ള ആക്രമണത്തിൽ നിന്നു യു.എസ് പൂർണമായി പിൻവാങ്ങിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, പിന്മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്താനും പെന്റഗണും വൈറ്റ്ഹൗസും തയ്യാറായിട്ടില്ല. ഇറാനെതിരെയുള്ള നീക്കത്തിൽ അമേരിക്കയിലെ ഉന്നതഭരണകേന്ദ്രങ്ങളിൽ രണ്ട് അഭിപ്രായമാണുള്ളത്. ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകളെ ആക്രമിച്ചത് ഇറാനാണെന്ന് അമേരിക്ക കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ സേനയുടെ ചാര ഡ്രോണായ ആർ.ക്യു-4 ഗ്ലോബൽ ഹോക്ക് ഇറാൻ തകർത്തത്. ഇറാന്റെ റെവലൂഷനറി ഗാർഡ് ആണ് ഡ്രോൺ തകർത്തത്. എന്ത് വിലകൊടുത്തും വിദേശആക്രമണം ചെറുക്കുമെന്നായിരുന്നു ഇതിനോടുള്ള ഇറാന്റെ പ്രതികരണം.
ഇറാൻ വീഴ്ത്തിയ ഡ്രോൺ
തുടർച്ചയായി 30 മണിക്കൂർ വരെ പറക്കാൻ ശേഷിയുളള നിരീക്ഷണ പേടകമാണ് ആർ.ക്യു-4. തത്സമയ നിരീക്ഷണ റിപ്പോർട്ടുകൾ, മികച്ച ചിത്രങ്ങളും ദൃശ്യങ്ങളും കൈമാറാൻ ശേഷിയുള്ള ഈ ഡ്രോൺ ഏതു കാലാവസ്ഥയിലും പ്രവർത്തിക്കും. എന്നാൽ, ആളില്ലാ വിമാനം ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര വ്യോമ മേഖലയിലായിരുന്നെന്നുമാണ് കഴിഞ്ഞദിവസം പെന്റഗൺ വക്താവ് പ്രതികരിച്ചത്.