car-accident

മൂവാറ്റുപുഴ: സ്കൂളിൽ യോഗ ദിനാചരണത്തിനായി അസംബ്ളിയിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്കിടയിലേക്ക് സ്കൂൾ അക്കാഡമിക് ഡയറക്ടറുടെ കാർ പാഞ്ഞു കയറി പത്ത് വിദ്യാർത്ഥികൾക്കും അദ്ധ്യാപികയ്ക്കും പരിക്ക്. അദ്ധ്യാപികയുടെ പരിക്ക് ഗുരുതരമാണ്. മൂവാറ്റുപുഴ കടാതി വളക്കുഴി റോഡിലെ വിവേകാനന്ദ സ്കൂളിൽ രാവിലെ എട്ടേമുക്കാലോടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപിക രേവതിയെ (27) കോലഞ്ചേരി മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളെ യോഗ പരിശീലിപ്പിക്കുന്നതിന് ക്ളാസിൽ നിന്ന് അസംബ്ളിയിലേക്ക് കൊണ്ടുവരുന്നതിനിടെ പുറത്തുനിന്ന് എത്തിയ അക്കാഡമിക് ഡയറക്ടറുടെ കാർ ഒരു കുട്ടിയുടെ മേൽ തട്ടി. ഇതോടെ നിയന്ത്രണം വിട്ട കാർ മറ്റു കുട്ടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാഞ്ഞുവന്ന കാർ അദ്ധ്യാപികയെ ഇടിച്ചുവീഴ്ത്തുകയും ചെയ്തു.

പരിക്കേറ്റ കുട്ടികൾ: ഗംഗ .കെ.എസ്, വിസ്മയ വിനയകുമാർ, ദേവിക രാജേഷ്, അമിത അനിൽ, ആർദ്ര വിമൽ, അർച്ചന രാജേഷ്, ദേവിക അജി, കാർത്തിക .ജി, അനന്തു കുറുപ്പ്, ഹരിഗോവിന്ദ്, അദ്വൈത് അനിരുദ്ധ്. എല്ലാവരും പന്ത്രണ്ടു വയസുകാരാണ്. നിസാര പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.

ആർ.ടി.ഒ റെജി പി. വർഗീസ്, മൂവാറ്റുപുഴ ആർ.ഡി.ഒ ആശ എബ്രഹാം, ഡി.ഇ.ഒ ഇ. പത്മകുമാരി എന്നിവർ സ്കൂളിലെത്തി അന്വേഷണം നടത്തി. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.