tax

കൊച്ചി: ജൂലായ് അഞ്ചിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന, രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്‌ജറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളാൽ സമ്പന്നമായേക്കും. അഞ്ചുവർഷത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തിയ ജി.ഡി.പി വളർച്ചയെ കൈപിടിച്ച് ഉയർത്താനായി ആദായ നികുതി ഇളവിന്റെ പരിധി കൂട്ടുമെന്നാണ് സൂചന. പണലഭ്യതക്കുറവ് മൂലം രാജ്യത്ത് ഉപഭോഗം കുറഞ്ഞതാണ് കഴിഞ്ഞ പാദത്തിൽ ജി.ഡി.പി 5.8 ശതമാനത്തിലേക്ക് തകർന്നടിയാൻ കാരണം.

ആദായ നികുതിയിൽ ഇളവ് ലഭിക്കുന്നത്, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഇടത്തരം വരുമാനക്കാർക്ക് വലിയ നേട്ടമാകും. ഇതോടെ, വിപണിയിലേക്ക് കൂടുതൽ പണം ഒഴുകുകയും ഉപഭോഗം വർദ്ധിക്കുകയും അതുവഴി ജി.ഡി.പി വീണ്ടും നേട്ടത്തിലേറുമെന്നുമാണ് കേന്ദ്ര വിശ്വാസം. നിലവിൽ 2.50 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. (കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച ബഡ്‌ജറ്റിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 100 ശതമാനം റിബേറ്ര് അനുവദിച്ചിരുന്നു. അതായത്, അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരും നികുതി അടയ്‌ക്കേണ്ടതില്ല).

അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അഞ്ചു ശതമാനം, അഞ്ചുലക്ഷത്തിനുമേൽ മുതൽ പത്തുലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ശതമാനം, പത്തുലക്ഷം രൂപയ്‌ക്കു മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനം എന്നിങ്ങനെയാണ് നികുതി. അതിൽ, ആദ്യ സ്ളാബിന്റെ പരിധി രണ്ടര ലക്ഷത്തിൽ നിന്ന് മൂന്നുലക്ഷം രൂപയാക്കാനാണ് ആലോചന. ഇതിനു പുറമേ, ആദായ നികുതി നിയമത്തിലെ സെക്‌ഷൻ 80 സി പ്രകാരമുള്ള ഇളവിന്റെ പരിധി നിലവിലെ ഒന്നരലക്ഷത്തിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കിയേക്കുമെന്നും സൂചനയുണ്ട്.

പി.എം കിസാനിലൂടെ

ഇനി പെൻഷനും

കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) യോജനയിലൂടെ കർഷകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും കേന്ദ്രം ആലോചിക്കുന്നു. 14.5 കോടിയോളം കർഷകർക്ക് പ്രതിവർഷം 6,000 രൂപവീതം നൽകുന്ന പദ്ധതിയാണിത്. ഇത് 8,000 രൂപയായി ഉയർത്തുന്ന പ്രഖ്യാപനം പുതിയ ബഡ്‌ജറ്റിലുണ്ടായേക്കും. 60 വയസ് പൂർത്തിയായ കർഷകർക്ക് മാസം 3,000 രൂപ പെൻഷനും നൽകാനാണ് നീക്കം.