tovino-thomas

കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനെ നടൻ ടൊവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രത്തിന്റെ സംഘട്ടന രംഗം ഷൂട്ട് ചെയ്യുമ്പോഴാണ് താരത്തിന് പൊള്ളലേറ്റത്. പരിക്കേറ്റ ടൊവിനോയ്ക്ക് ഉടനെ തന്നെ വെെദ്യസഹായം നൽകി. ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവർത്തകർ അറിയിച്ചു.‌‌‌

‌‌ഡ്യൂപ്പില്ലാതെയാണ് ടൊവിനോ സംഘട്ടനരംഗത്തിൽ അഭിനയിച്ചത്. നാല് വശത്തും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്നൊരു രംഗമായിരുന്നു. ഷോട്ട് എടുത്ത് സംവിധായകൻ കട്ട് പറഞ്ഞെങ്കിലും രംഗം പൂർത്തിയാകാൻ കഴിയാഞ്ഞതിനാൽ ടൊവിനോ വീണ്ടും അഭിനയിക്കുകയായിരുന്നു. സംഘട്ടനരംഗം പൂർത്തിയാക്കിയിട്ടാണ് താരം പിൻവാങ്ങിയത്. അതിനിടെ ശരീരത്തിൽ തീ പടരുകയായിരുന്നു.

കോഴിക്കോട് വച്ചായിരുന്നു ചിത്രീകരണം. നവാഗതനായ സ്വപ്‌നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയൻ 06. റൂബി ഫിലിംസ് ആൻഡ്‌ കാർണിവൽ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ, എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നടനും സംവിധായകനുമായ പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. തീവണ്ടിക്ക് ശേഷം ടൊവിനോയും സംയുക്താ മേനോനും നായികാ നായകന്മാരായെത്തുന്ന ചിത്രം കൂടിയാണിത്.