ajith

അഞ്ചാലുംമൂട് : കൊല്ലം ബൈപാസിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ കൊച്ചാനത്ത് വടക്കതിൽ വീട്ടിൽ ബാലകൃഷ്ണ പിള്ള - ബേബി ദമ്പതികളുടെ മകൻ അജിത് കൃഷ്ണൻ (28)ആണ് മരിച്ചത്. ഏഴുമാസം മുൻപ് വിവാഹിതനായ അജിത് ഗർഭിണിയായ ഭാര്യ അശ്വതിയെ ഡോക്ടറെ കാണിച്ചശേഷം വീട്ടിലാക്കി ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊല്ലത്തെ തുണി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് അജിത്ത്. വ്യാഴാഴ്ച വൈകിട്ട് ആറിന് ബൈപാസിലെ കടവൂർ ഭാഗത്തായിരുന്നു അപകടം. സ്ഥലത്തുണ്ടായിരുന്നവർ ഉടനെ അജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതോടെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ നാലോടെ മരണമടയുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം രാത്രിയോടെ സംസ്‌കരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ചാത്തിനാംകുളം സ്വദേശി അജ്മൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്വകാര്യ ആശുപത്രി ചികിത്സ വൈകിപ്പിച്ചതായി പരാതി

അജിത്തിനെ ആദ്യമെത്തിച്ച സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചതായി ബന്ധുക്കൾ ആരോപിച്ചു. അജിത്തിനെ ആശുപത്രിയിലെത്തിച്ചവരോട് അധികൃതർ സ്കാനിംഗിനുള്ള പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും അവരെത്തുമ്പോൾ നൽകുമെന്നും ഇവർ പറഞ്ഞു. കുറച്ച് പണം ഒപ്പമുണ്ടായിരുന്നവരെല്ലാം ചേർന്ന് നൽകിയെങ്കിലും ആശുപത്രി അധികൃതർ സ്കാനിംഗിന് തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം ബന്ധുക്കളെത്തി പണം അടച്ച ശേഷമാണ് സ്കാൻ ചെയ്തത്. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആന്തരിക മുറിവുകൾ കൃത്യസമയത്ത് മനസിലാക്കി ചികിത്സ നൽകാത്തതാണ് രാത്രിയോടെ നില ഗുരുതരമാകാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച പശ്ചാത്തലത്തിൽ അപകടങ്ങളിൽപ്പെട്ട് എത്തുന്നവർക്ക് ആദ്യ 24 മണിക്കൂർ പണം ആവശ്യപ്പെടാതെ ചികിത്സ നൽകണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. ഇക്കാര്യം സ്വകാര്യ ആശുപത്രികൾ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.