കപ്പലുകളെ സംരക്ഷിക്കാൻ നാവികസേനയുടെ 'ഓപ്പറേഷൻ സങ്കല്പ്"
ഒമാൻ കടലിടുക്ക് വഴി ദിനംപ്രതി കടന്നുപോകുന്നത് 5-8 ഇന്ത്യൻ എണ്ണക്കപ്പലുകൾ
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 63 ശതമാനവും ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഇറാൻ എന്നിവിടങ്ങളിൽനിന്ന്
ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിൽ സംഘർഷസാദ്ധ്യത നിലനിൽക്കെ ഇന്ത്യൻ എണ്ണക്കപ്പലുകളുടെ സംരക്ഷണത്തിനായി ഒമാൻ കടലിടുക്കിൽ നാവിക സേന ഉദ്യോഗസ്ഥരെയും നാവികരെയും വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഒമാൻ കടലിടുക്കിൽവച്ച് വിവിധ രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നൊരുക്കം. ഒരു നാവികസേന ഉദ്യോഗസ്ഥനും രണ്ട് നാവികരുമടങ്ങുന്ന ഇന്ത്യൻ നാവികസേന സംഘം, ഹെലികോപ്ടറിലോ ബോട്ടിലോ ഇന്ത്യൻ എണ്ണക്കപ്പലുകളെ അനുഗമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിനെ തുടർന്ന്, കഴിഞ്ഞ ദിവസം രണ്ട് യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവിക സേന വിന്യസിച്ചിരുന്നു. മിസൈൽ വേധ യുദ്ധക്കപ്പലായ ഐ.എൻ.എസ് ചെന്നൈ, നിരീക്ഷണക്കപ്പലായ ഐ.എൻ.എസ് സുനൈന എന്നിവയെയാണ് ഒമാൻ കടലിടുക്കിൽ വിന്യസിച്ചിട്ടുള്ളത്. ഓപ്പറേഷൻ സങ്കൽപ്പ് എന്നപേരിലാണ് ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നാവികസേനയുടെ നീക്കം. യുദ്ധക്കപ്പലുകൾ വിന്യസിച്ചതിന് പുറമെ വ്യോമനിരീക്ഷണവും നടത്തുന്നുണ്ട്. ഗുരുഗ്രാമിലുള്ള കേന്ദ്രത്തിൽ ഒമാൻ കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരവും നാവികസേന നിരീക്ഷിക്കുന്നുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ് കുറച്ചുനാളുകളായി വഷളായിരുന്നു. അമേരിക്കയുടെ നീരീക്ഷണവിമാനം കഴിഞ്ഞദിവസം ഇറാൻ വെടിവച്ച് തകർത്തതിനെത്തുടർന്നാണ് ഇറാൻ - അമേരിക്ക ബന്ധം വീണ്ടും വഷളായത്. എന്തുവിലകൊടുത്തും വിദേശ ആക്രമണത്തെ ചെറുക്കുമെന്നായിരുന്നു ഇറാന്റെ നയം. മാത്രമല്ല, ഹോർമുസ് കടലിടുക്കിൽവച്ച് രണ്ട് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ, ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. ആക്രമണങ്ങൾക്ക് പിന്നാലെ അതീവ ജാഗ്രത പാലിക്കാനുള്ള ജാഗ്രതാ നിർദ്ദേശം ഇക്കഴിഞ്ഞ 13, 16 തീയതികളിൽ ഇന്ത്യൻ കപ്പലുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് നൽകിയിരുന്നു.