ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിയെ മറികടന്നുള്ള നിലപാടെടുക്കാൻ കേന്ദ്രസർക്കാരിന് സാദ്ധ്യമല്ലെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാംമാധവ്. എൻ.കെ. പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ അവതരിപ്പിച്ച ശബരിമല സ്വകാര്യബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തിൽ നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് രാംമാധവ് വ്യക്തമാക്കി. ഈ വിഷയത്തിൽ സുപ്രീം കോടതി നിലപാടെടുത്തിട്ടുണ്ട്. കോടതിയെ മറികടന്ന് നിലപാടെടുക്കുക സാധ്യമല്ല. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്ര സർക്കാരിന് ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് രാം മാധവ് പറഞ്ഞു.
ശബരിമല വിഷയത്തിൽ ഞങ്ങൾ ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ്. അതോടു ചേർന്നു നിൽക്കുന്ന വിശ്വാസികളുടെ വികാരത്തിനൊപ്പവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.