suarez

റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ഇന്നലെ വാർ (വീഡിയോ അസിസ്റ്രന്റ് റഫറി) വിധിയെഴുതിയ മത്സരത്തിൽ ഏഷ്യൻ ശക്തികളായ ജപ്പാൻ കരുത്തരായ ഉറുഗ്വെയെ 2-2ന്റെ സമനിലയിൽ തളച്ചു.വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സഹായത്തോടെ ഉറുഗ്വെയ്ക്ക് പെനാൽറ്റി ലഭിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജപ്പാൻ വിജയക്കൊടിനാട്ടിയേനെ. കോജി മിയോഷി ജപ്പാനായി രണ്ട് ഗോളുകൾ നേടി. 25-ാം മിനിറ്റിലാണ് ഉറുഗ്വെയെ ഞെട്ടിച്ച് തകർപ്പൻ ക്ലോസ്റേഞ്ച് ഷോട്ടിലൂടെ മിയോഷി ജപ്പാന്റെ ആദ്യ ഗോൾ നേടിയത്. ഷിബാസാക്കിയുടെ പാസിൽ നിന്നായിരുന്നു മിയോഷിയുടെ ഗോൾ. തുടർന്ന് 32-ാം മിനിറ്റിൽ വാറിന്റെ സഹായത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സുവാരസ് ഉറുഗ്വേയ്ക്ക് സമനില നേടിക്കൊടുത്തു. ജാപ്പനീസ് നായകൻ ഉയേഡ ഉറുഗ്വെ സ്ട്രൈക്കർ കവാനിയുടെ കാലിൽ ചവിട്ടിയതിനാണ് വാർ പെനാൽറ്രി വിധിച്ചത്. ഉയേഡയ്ക്ക് മഞ്ഞക്കാർഡും ലഭിച്ചു. രണ്ടാം പകുതിയിൽ 59-ാം മിനിറ്രിൽ മിയോഷി വീണ്ടും ജപ്പാനെ മുന്നിലെത്തിച്ചു. എന്നാൽ 66-ാം മിനിറ്റിൽ ഹോസെ ജിമെനസ് ഉറുഗ്വെയ്ക്ക് സമനില സമ്മാനിക്കുകയായിരുന്നു. സമനിലയോടെ ഗ്രൂപ്പ് സിയിൽ ജപ്പാൻ ക്വാർട്ടർ പ്രതീക്ഷകൾ നിലനിറുത്തി.

മത്സര ഷെഡ്യൂൾ

ഇക്വഡോർ - ചിലി

(ഇന്ന് വെളുപ്പിന് 4.30 മുതൽ)

നാളെ

ബൊളീവിയ - വെനിസ്വേല

പെറു -ബ്രസീൽ

(രാത്രി 12.30 മുതൽ)

58 ഗോളുകൾ ഉറുഗ്വെയ്ക്കായി സുവാരസ് നേടിക്കഴിഞ്ഞു.ഉറുഗ്വെയ്ക്കായി ഏറ്രവും കൂടുതൽ ഗോൾ നേടിയ താരമാണ് സുവാരസ്. 109 മത്സരങ്ങളിൽ സുവാരസ് ഉറുഗ്വെയ്ക്കായി കളത്തിലിറങ്ങി.