തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട പുഞ്ചിരി വിനോദിനെ ആക്രമിച്ച് പരിക്കേല്പിക്കുകയും ആട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താനും ശ്രമിച്ച കേസിൽ മൂന്നു പേർ പിടിയിൽ. കരമന തളിയൽ സ്വദേശികളായ കുട്ടൻ എന്നു വിളിക്കുന്ന രാഹുൽ (29), തൊപ്പി അരുൺ എന്ന അരുൺ (29), നെടുങ്കാട് സ്വദേശി തൈബു എന്ന വിഷ്ണു (29) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
തളിയൽ പമ്പ് ഹൗസിനു സമീപം സുഹൃത്തിനോടൊപ്പം ബൈക്കിൽ വരികയായിരുന്ന വിനോദിനെ എതിർ സംഘത്തിൽപ്പെട്ട പ്രതികൾ തടഞ്ഞുനിറുത്തി ആക്രമിക്കുകയും ബൈക്കിൽ നിന്ന് തള്ളിയിട്ട് കാലിലും തോളിലും ആട്ടോറിക്ഷ കയറ്റിയിറക്കി ബിയർ കുപ്പി കൊണ്ട് തലയിൽ അടിച്ചു പരിക്കേല്പിച്ചെന്നുമാണ് കേസ്. സംഭവസ്ഥലത്തു നിന്ന് ആട്ടോറിക്ഷയിൽ രക്ഷപ്പെട്ട പ്രതികളെ കരമന പാലത്തിനു സമീപത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. രാഹുലും വിഷ്ണുവും കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. അടുത്തിടെ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ നിന്നു പുറത്തിറങ്ങിയ ആളാണ് ആക്രമണത്തിൽ പരിക്കേറ്റ പുഞ്ചിരി വിനോദ്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിൽ കരമന പൊലീസ് ഇൻസ്‌പെക്ടർ പി. ഷാജിമോൻ, സബ് ഇൻസ്‌പെക്ടർമാരായ സാഗർ, ശിവകുമാർ, എ.എസ്.ഐ അശോക് കുമാർ, സി.പി.ഒമാരായ സജികുമാർ, പ്രിയൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.