ന്യൂഡൽഹി:ശബരിമല യുവതീ പ്രവേശനത്തിനെതിരായ എൻ. കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ അവതരിപ്പിക്കാൻ ഇന്നലെ ഉച്ച തിരിഞ്ഞ് 3.40നാണ് ലോക്‌സഭ ശബ്ദവോട്ടോടെ അനുമതി നൽകിയത്.
ശൂന്യവേളയിൽ പ്രേമചന്ദ്രന്റെ ബില്ലിനെ എതിർത്ത ബി.ജെ.പി എം.പിയും സ്‌പീക്കർ പാനൽ അംഗവുമായ മീനാക്ഷി ലേഖിയായിരുന്നു അപ്പോൾ ചെയറിൽ. ബിൽ അവതരിപ്പിച്ചുകൊണ്ട് വിഷയം സംസാരിക്കാൻ പ്രേമചന്ദ്രൻ അനുവാദം തേടിയെങ്കിലും ചെയർ അനുവദിച്ചില്ല. സ്വകാര്യ ബില്ലുകൾ പൂർണമല്ലെന്നും മാദ്ധ്യമവാർത്തകളിൽ ഇടംനേടാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അവർ ശൂന്യവേളയിൽ പറഞ്ഞിരുന്നു.സമഗ്രമായ ബില്ലാണ് വേണ്ടത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതേസമയം ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമ്മാണം വേണമെന്നും അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് നിയമനിർമ്മാണം നടത്താനാകുമെന്നും ചൂണ്ടിക്കാട്ടിയ മീനാക്ഷി ലേഖി 'ജയ് അയ്യപ്പ' എന്നു വിളിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്.
സുപ്രീംകോടതി വിധി മൂലം ആചാര-അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ കഴിയാത്തതിനാൽ വിശ്വാസികൾ ആശങ്കാകുലരാണെന്ന് ആന്റോ ആന്റണി പറഞ്ഞു. കഴിഞ്ഞ മണ്ഡല കാലത്ത് വിശ്വാസികളുടെ എണ്ണം കുറഞ്ഞു. പാർലമെന്റിന്റെ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി വിധി മറി കടക്കാൻ പുതിയ നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് നിയമത്തിൽ 200 തൊഴിൽ ദിനങ്ങളും 800രൂപ കുറഞ്ഞ വേതനവും ഇ.എസ്.ഐ ആനുകൂല്യവും ഉറപ്പാക്കാനും അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം നൽകാനും സാധാരണക്കാരെയും രോഗികളെയും സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുമുള്ള സ്വകാര്യ ബില്ലുകളും ഇന്നലെ അവതരിപ്പിച്ചു