കൊളംബോ: ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി ഉപഗ്രഹം വിക്ഷേപിച്ചു. ഇന്ത്യൻ ഇതിഹാസ കാവ്യമായ രാമായണത്തിലെ ശ്രീരാമന്റെ പ്രതിയോഗിയും രാക്ഷസരാജാവുമായ രാവണന്റെ പേരാണ് ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്. ജൂൺ 17ന് വിക്ഷേപിച്ച സാറ്റലൈറ്റിന് രാവണ -1 എന്നാണ് ശ്രീലങ്ക പേര് നൽകിയിരിക്കുന്നത്. 1.05 കിലോയാണ് രാവണ-1ന്റെ ഭാരം.
ശ്രീലങ്കൻ എൻജിനീയർമാരായ തരിന്ദു ദയരത്നെയും ദുലാനി ചാമികയുമാണ് സാറ്റലൈറ്റ് വികസിപ്പിച്ചത്. ജപ്പാനിലെ കൊയ്ഷു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സ്പേസ് എൻജിനിയറിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. ഒന്നരവർഷത്തെ ആയുസാണ് പറയുന്നതെങ്കിലും അഞ്ചുവർഷം വരെ സാറ്റലൈറ്റ് നിലനിൽക്കുമെന്നാണ് കരുതുന്നത്. ശ്രീലങ്കയുടെയും സമീപ പ്രദേശങ്ങളുടെയും സാറ്റലൈറ്റ് ചിത്രങ്ങൾ പകർത്തുന്നത് ഉൾപ്പെടെ അഞ്ചു ദൗത്യങ്ങളാണ് രാവണ-1ന് ഉള്ളത്.
രാമായണത്തിൽ രാക്ഷരാജാവായ രാവണന്റെ രാജ്യമാണ് ശ്രീലങ്ക. വനവാസത്തിനിടെ സീതയെ രാവണൻ ലങ്കയിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു. രാമ-രാവണ യുദ്ധത്തിനൊടുവിൽ വണനെ വധിച്ചാണ് ശ്രീരാമൻ സീതയുമായി ലങ്കയിൽ നിന്ന് മടങ്ങുന്നത്. ശ്രീരാമനെ നായകനായും രാവണനെ വില്ലനുമായാണ് കരുതിപ്പോരുന്നത്.